ഇന്ത്യൻ ബാസ്ബോൾ; ഒറ്റ ദിവസംകൊണ്ട് 5.11 റണ്‍റേറ്റിൽ 450 റണ്‍സ്!
Monday, July 14, 2025 1:48 AM IST
ലണ്ടൻ: ബാസ്ബോൾ ക്രിക്കറ്റിന് തുടക്കമിട്ട ഇംഗ്ലണ്ടിനെ ശരിക്കുള്ള ബാസ്ബോൾ പഠിപ്പിച്ച് ഇന്ത്യൻ അണ്ടർ 19 പുരുഷ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിന്റെ (ചതുർദിന മത്സരം) ആദ്യ ദിനം തകർത്തടിച്ച ഇന്ത്യൻ യുവനിര 5.11 ശരാശരിയിൽ അടിച്ചുകൂട്ടിയത് 450 റണ്‍സാണ്. 88 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 450 റണ്‍സ് അടിച്ചെടുത്തത്.
മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 540 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റണ്‍സ് നേടിയിട്ടുണ്ട്.
വൈഭവ് സൂര്യവംശിയെ തുടക്കത്തിൽ നഷ്ടമായെങ്കിലും ഇന്ത്യ തകർത്തടിച്ചു. ആയുഷ് മാ ത്രെ സെഞ്ചറിയുമായി (102 ) ടീമിനെ മുന്നിൽനിന്നു നയിച്ചു. വിഹാൻ മൽഹോത്ര (67) മികച്ച സ്കോറിന് അടിത്തറയിട്ടു.
രാഹുൽ കുമാർ 104.94 സ്ട്രൈക്ക് റേറ്റിൽ (85), അഭിഗ്യാൻ 94.74 സ്ട്രൈക്ക് റേറ്റിൽ (90) റണ്‍സും എടുത്തു. ഇരുവരും അഞ്ചാം വിക്കറ്റിൽ 160 പന്തിൽ അടിച്ചുകൂട്ടിയ 179 റണ്‍സ്. മലയാളി താരം ഇനാൻ 23 റണ്‍സെടുത്തു. നേരത്തേ ഏകദിന പരന്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.