ശിവം സുന്ദരം ; 80 മീറ്റർ മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് ഇന്ത്യൻ താരമായി ശിവം ലോകരെ
Monday, July 14, 2025 1:48 AM IST
പൂന: ജാവലിൻ ത്രോയിൽ 80.95 മീറ്റർ എറിഞ്ഞ് ചരിത്രം കുറിച്ച് 20കാരനായ ശിവം ലോകരെ. പൂനയിലെ സാവിത്രിഭായ് ഫൂലെ കോളജ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യൻ ഓപ്പണ്‍ അത്ലറ്റിക്സ് മീറ്റിൽ തന്റെ അവസാന ശ്രമത്തിൽ 80.95 മീറ്റർ എറിഞ്ഞാണ് മഹാരാഷ്ട്ര സ്വദേശിയായ ശിവം ലോകരെയെന്ന പുത്തൻ താരോദയം ചരിത്രം കുറിച്ചത്. ജാവലിൻ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്രയ്ക്ക് ശേഷം 80 മീറ്റർ ദൂരം മറികടക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ് ശിവം ലോകരെ.
ഇന്ത്യൻ ജാവലിൻ ത്രോയിൽ 80 മീറ്റർ ത്രോ നേട്ടം കൈവരിക്കുന്ന 16-ാമത്തെ താരമാണ് ശിവം. എന്നാൽ 20കാരനായ ശിവം ആ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ടോക്കിയോ ഒളിന്പിക്സ് ചാന്പ്യൻ നീരജ് ചോപ്ര ആദ്യമായി 80 മീറ്റർ പിന്നിടുന്പോൾ അദ്ദേഹത്തിന് 18 വയസ് മാത്രമാണുണ്ടായിരുന്നത്. നീരജാണ് ഈ റിക്കാർഡിനുടമയും.
പരിശീലനത്തിൽ ഇതിനകം 84 മീറ്റർ എറിഞ്ഞിട്ടുണ്ടെന്നും, 80-82 മീറ്ററിൽ സ്ഥിരമായി എറിയാറുണ്ടെന്നും ശിവം മത്സരശേഷം പറഞ്ഞു. തനിക്ക് കൂടുതൽ ചെയ്യാൻ സാധിക്കുമെന്നും ശിവം കൂട്ടിച്ചേർത്തു.
തന്റെ അധ്യാപികയാണ് കായിക രംഗത്ത് ശ്രദ്ധിക്കാൻ നിർദേശിച്ചത്. ലോംഗ്ജംപ് പരിശീലിച്ചുതുടങ്ങിയ താൻ ടീച്ചറുടെ നിർദേശപ്രകാരം ജാവലിൻ ത്രോയിലേക്ക് മാറിയെന്നും ശിവം ലോകരെ കൂട്ടിച്ചേർത്തു. മധ്യ മഹാരാഷ്ട്രയിലെ സോണായി സ്വദേശിയാണ് ശിവം ലോകരെ.