നമ്പര്‍ 10 യമാൽ
Thursday, July 17, 2025 11:54 PM IST
ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ 10-ാം നമ്പര്‍ ജഴ്സി ഇനി ലാമിന് യമാലിനു സ്വന്തം.
ഈ മാസം 18 വയസ് തികഞ്ഞ യമാല്‍, 2025-26 സീസണ് മുതല്‍ 10-ാം നമ്പറില്‍ കളത്തില്‍ ഇറങ്ങും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍പന്തിയിലാണ് യമാല്‍. ബാഴ്സലോണ യമാലിന്റെ റിലീസ് ക്ലോസായിവച്ചിരിക്കുന്നത് ഒരു ബില്യണ്‍ യൂറോയാണ്, ഏകദേശം 9969 കോടി രൂപ.
ഡിയേഗോ മാറഡോണ, റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസി തുടങ്ങിയ ഇതിഹാസങ്ങള്‍ അണിഞ്ഞതാണ് ബാഴ്സലോണയുടെ 10-ാം നമ്പര്‍. 2021ല്‍ ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറിയപ്പോള്‍ മുതല്‍ ബാഴ്സയുടെ 10-ാം നമ്പര്‍ അന്‍സു ഫാറ്റിക്കായിരുന്നു.
പരിക്കും പ്രശ്നങ്ങളുമായതോടെ ഫാറ്റി കളത്തില്‍ സജീവമല്ലാതാകുകയും ബാഴ്സലോണ വിടുകയും ചെയ്തു. ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയിലേക്ക് ഫാറ്റി ചേക്കേറി. ഇതോടെയാണ് 10-ാം നമ്പറിന്റെ പുതിയ അവകാശിയായി യമാല്‍ എത്തുന്നത്.
ബാഴ്സലോണയ്ക്കുവേണ്ടി 106 മത്സരങ്ങളില്‍നിന്ന് 25 ഗോളും 34 അസിസ്റ്റും യമാല്‍ നടത്തിയിട്ടുണ്ട്. ഈ മാസം 13ന് 18 വയസ് പൂര്‍ത്തിയായ യമാല്‍, ജന്മദിനാഘോഷ പരിപാടികള്‍ക്ക് കുള്ളന്മാരെ ക്ഷണിച്ചത് വിവാദമായിരുന്നു.