വനിതാ യൂറോ 2025: ഇംഗ്ലണ്ട് സെമിയിൽ
Saturday, July 19, 2025 12:14 AM IST
സൂറിച്ച്: യൂറോ 2025 വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ രണ്ടു ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് സ്വീഡനെ വീഴ്ത്തിയാണ് നിലവിലെ ചാന്പ്യൻമാരായ ഇംഗ്ലണ്ട് വനിതകളുടെ മുന്നേറ്റം.
സൂറിച്ചിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയിലായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊസോവെയർ അസ്ലാനിയുടെയും സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്റെയും ഗോളുകളിലൂടെ സ്വീഡൻ 2-0ന് മുന്നിലെത്തി.
അവസാന നിമിഷം വരെ വിജയമുറപ്പിച്ച് മുന്നേറിയ സ്വീഡനെ 79-ാം മിനിറ്റിൽ ഞെട്ടിച്ച് ലൂസി ബ്രോണ്‍സ് ഹെഡറിലൂടെ ഇംഗ്ലണ്ടിന് ജീവൻ നൽകി.
മിനിറ്റുകൾക്കകം മിഷേൽ അഗ്യെമാങ് ഒരു ഗോൾ കൂടി നേടി സ്കോർ സമനിലയിലാക്കിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സമ്മർദത്തെ അതിജീവിച്ച് കരുത്തുകാട്ടിയ ഇംഗ്ലീഷ് വനിതകളുടെ കാലിൽ വിജയം ഭദ്രമായി നിന്നു.