സിന്നര്‍, അല്‍കരാസ്; ഒന്നും രണ്ടും
Tuesday, July 15, 2025 12:14 AM IST
ലണ്ടന്‍: 2025 വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലിസ്റ്റുകളായ ഇറ്റലിയുടെ യാനിക് സിന്നറും സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും എടിപി റാങ്കിംഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരും.
2025 ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ അല്‍കരാസിനെ കീഴടക്കി സിന്നര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയതിനു പിന്നാലെയുള്ള റാങ്കിംഗാണിത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്നറിന്റെ ജയം (4-6, 6-4, 6-4, 6-4).
12,000 ക്ലബ്ബിൽ
12,030 റേറ്റിംഗ് പോയിന്റാണ് ഒന്നാം റാങ്കില്‍ തുടരുന്ന സിന്നറിന്. 1990നുശേഷം 12,000 റേറ്റിംഗ് പോയിന്റിലെത്തുന്ന അഞ്ചാമനാണ് സിന്നര്‍. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ എന്നിവരാണ് 12,000 റേറ്റിംഗില്‍ മുമ്പെത്തിയവര്‍.
രണ്ടാം സ്ഥാനത്തുള്ള അല്‍കരാസിന് 8600 പോയിന്റേയുള്ളൂ. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ്, അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ്, ബ്രിട്ടന്റെ ജാക് ഡ്രെപ്പര്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍.