ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിക്ക്
Tuesday, July 15, 2025 12:14 AM IST
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്എ): യൂറോപ്യന്‍ ചാമ്പ്യന്‍പട്ടത്തിനു പിന്നാലെ ലോകകപ്പും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) സ്വന്തമാക്കുമെന്ന വിശ്വാസം കീഴ്മേല്‍ മറിഞ്ഞു. കാല്‍പ്പന്ത് ലോകത്തിന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയുടെ ഇന്ദ്രനീലിമ.
കോള്‍ പാമറിന്റെ ഇരട്ട ഗോളിനും അസിസ്റ്റിനും മറുപടിയില്ലാതെ യുവേഫ ചാമ്പ്യന്മാരായ പിഎസ്ജി തലതാഴ്ത്തി, 3-0ന്റെ ജയത്തിലൂടെ ചെല്‍സിക്ക് 2025 ഫിഫ ക്ലബ് ലോകകപ്പ്. 32 ടീം പങ്കെടുക്കുന്ന പുതിയ ഫോര്‍മാറ്റിലെ ആദ്യ ചാമ്പ്യന്മാരായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം. പഴയ ഫോര്‍മാറ്റിലെ ക്ലബ് ലോകകപ്പില്‍ 2021ല്‍ ചെല്‍സി ചാമ്പ്യന്മാരായിരുന്നു.
22 മിനിറ്റില്‍ പിഎസ്ജി തീര്‍ന്നു
ചെല്‍സിക്ക് എതിരായ ഫൈനലില്‍ പിഎസ്ജിയായിരുന്നു ഫേവറിറ്റുകള്‍. കാരണം, ലൂയിസ് എന്‍ റിക്വെയുടെ ശിഷ്യന്മാര് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും (2-0) സെമിയില്‍ റയല്‍ മാഡ്രിഡിനെയും (4-0) നിഷ്പ്രഭമാക്കിയായിരുന്നു ഫൈനലില്‍ എത്തിയത്.
ഫൈനല്‍ തുലാഭാരത്തില് കിക്കോഫിനു മുമ്പ് താഴ്ന്നിരുന്ന പിഎസ്ജിയുടെ തട്ട്, പഞ്ഞിക്കെട്ടുപോലെ വായുവിലുയര്‍ന്നു. 22-ാം മിനിറ്റില്‍ പാമര്‍ പിഎസ്ജിയുടെ വല കുലുക്കി. ജോവോ പെഡ്രോയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.
എട്ടു മിനിറ്റിന്റെ ഇടവേളയില്‍ പാമറിന്റെ മാസ്റ്റര്‍ ക്ലാസ് വീണ്ടും. 30-ാം മിനിറ്റില്‍ ലെവി കോള്വില്ലിന്റെ അസിസ്റ്റില്‍ പാമറിന്റെ രണ്ടാം ഗോള്‍. ചെല്‍സി 2-0നു മുന്നില്‍. 43-ാം മിനിറ്റില്‍ പാമര്‍ ബോക്സിനുള്ളിലേക്കു നല്കിയ ത്രൂബോള്‍ അഡ്വാന്‍സ് ചെയ്തെത്തിയ ഡോണറുമയുടെ തലയ്ക്കു മുകളിലൂടെയുള്ള ചിപ് ഷോട്ടിലൂടെ ജോവോ പെഡ്രോ വലയിലാക്കി, 3-0. പിഎസ്ജിയുടെ കഥ കഴിഞ്ഞു...
മാസ്റ്റര്‍ ക്ലാസ് പാമര്‍

മെലിഞ്ഞുണങ്ങിയ ആറടി രണ്ടിഞ്ചുകാരന്. 23കാരനായ കോള്‍ പാമറിന്, ഫിഫ ക്ലബ് ലോകകപ്പില്‍ ചെല്‍സിയുടെ സ്വപ്നങ്ങള്‍ ഫലമണിയിക്കാനുള്ള കഴിവുണ്ടെന്നു വിശ്വസിച്ചവരുണ്ടായേക്കില്ല... എന്നാല്‍, ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ പാമറും ചെല്‍സിയും പിഎസ്ജിയെ മലര്‍ത്തിയടിച്ചു.
ഗോള്‍ഡന്‍ ഇടംകാല്!
ഫൈനലിന്റെ എട്ടാം മിനിറ്റില്‍ കോള്‍ പാമറിന്റെ ഇടംകാല് വൈഭവത്തിന്റെ ആദ്യ സൂചന. സെന്റര്‍ ബോക്സില്‍നിന്ന് പാമര്‍ അളന്നുമുറിച്ചു തൊടുത്ത ഇടംകാല് ഷോട്ട് ഗോള്‍ പോസ്റ്റിന്റെ ഇടതുഭാഗത്തിലൂടെ പുറത്തേക്കു പോയത് അവിശ്വസനീയതോടെ മാത്രമാണ് ഫുട്ബോള്‍ ലോകം കണ്ടത്.
തൊട്ടിയുരുമി പുറത്തേക്കു പാഞ്ഞ ആ ഷോട്ടിന്, ക്ലിനിക്കല്‍ പരിഹാരം നല്കി പിന്നീടു തൊടുത്ത രണ്ടു ഷോട്ട്. ആ രണ്ട് ഷോട്ടും ഇടംകാല്കൊണ്ടുതന്നെ, രണ്ട് തവണയും പന്ത് വിശ്രമിച്ചത് ഗോള്‍ പോസ്റ്റിന്റെ ഇടത് കോണില്‍.
പിഎസ്ജി ഗോള്‍ കീപ്പറിന്റെ നെടുനീളന്‍ ഡൈവിനും അപ്പുറത്തായിരുന്നു പാമറിന്റെ ക്ലിനിക്കല്‍ ഇടംകാല് മാസ്റ്റര്‍ ക്ലാസ്. ഫലമോ, 2025 ക്ലബ് ലോകകപ്പിന്റെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പാമറിന്.
മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ലഭിച്ചത് ചെല്‍സി എഫ്സിയുടെ സ്പാനിഷ് ഗോള്‍ കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിനാണ്.