ചെസ് ലോകകപ്പ്: ദിവ്യക്ക് അട്ടിമറി ജയം
Thursday, July 17, 2025 11:54 PM IST
ബാറ്റുമി (ജോര്‍ജിയ): ഫിഡെ വനിതാ ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന് അട്ടിമറി ജയം. പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ചൈനയുടെ ഷു ജിനറിനെ ദിവ്യ കീഴടക്കി.
വെള്ള കരുക്കള്‍കൊണ്ട് കളിച്ച ദിവ്യക്കു മുന്നില്‍ രണ്ടാം സീഡായ ഷു ജിനറിനു പിടിച്ചുനില്ക്കാന് സാധിച്ചില്ല. അതേസമയം, ഇന്ത്യയുടെ മറ്റ് പ്രീക്വാര്‍ട്ടര്‍ സാന്നിധ്യങ്ങളായ ആര്. വൈശാലി, കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞു.
ഹംപി സ്വിറ്റ്സര്‍ലന്‍ഡിന്റെ കോസ്റ്റെനിയുക് അലക്സാഡ്രയെയും ഹരിക റഷ്യയുടെ ലാഗ്നോ കാറ്റെറിനയെയും വൈശാലി കസാക്കിസ്ഥാന്റെ കമാലിഡെനോവ മെറൂര്ട്ടിനെയുമാണ് ആദ്യ റൗണ്ടില്‍ നേരിട്ടത്.
ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇതുവരെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുള്ളത്, 2023ല്‍ ഹരിക.