നീരജ് ചോപ്ര x അർഷാദ് നദീം
Monday, July 14, 2025 1:48 AM IST
സിലേഷ്യ: കഴിഞ്ഞവർഷത്തെ പാരിസ് ഒളിംപിക്സിനുശേഷം ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്രയും പാക്കിസ്ഥാന്റെ അർഷാദ് നദീമും വീണ്ടും നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 16ന് പോളണ്ടിലെ സിലേഷ്യയിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിലാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നത്.
പാരീസിലെ പുരുഷ ജാവലിൻത്രോ മത്സരത്തിൽ അർഷാദ് നദീം സ്വർണ മെഡൽ നേടിയപ്പോൾ നീരജ് ചോപ്ര വെള്ളി മെഡലുമുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
സീസണിൽ മൂന്ന് കിരീടങ്ങൾ നേടിയ നീരജ് ലോക റാങ്കിം ഗില്‍ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഒളിന്പിക്സ് സ്വർണമെഡൽ നേട്ടത്തിനുശേഷം മേയിൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മാത്രമാണ് അർഷാദ് മത്സരിച്ചത്.
അതേസമയം കഴിഞ്ഞ ആഴ്ച നടന്ന അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്ത നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ പോരാട്ടത്തിൽ 86.18 മീറ്റർ ദൂരം എറിഞ്ഞ് നീരജ് ചാന്പ്യനായിരുന്നു.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെനിയയുടെ ജൂലിയസ് യെഗോ (84.51 മീറ്റർ) രണ്ടാം സ്ഥാനവും ശ്രീലങ്കയുടെ റുമേഷ് പതിരംഗ (84.34 മീറ്റർ) മൂന്നാം സ്ഥാനവും നേടി.