15 പന്തിനിടെ 5 വിക്കറ്റ്; ചരിത്രം കുറിച്ച് മിച്ചൽ സ്റ്റാർക്ക്
Wednesday, July 16, 2025 12:59 AM IST
കിംഗ്സ്റ്റണ്‍: 15 പന്തിനിടെ അഞ്ച് വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് മിന്നല്‍പ്പിണറായപ്പോള്‍ ഓസ്ട്രേലിയയ്ക്കു മുന്നില്‍ മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു 176 റണ്‍സിന്റെ തോല്‍വി. ഇതോടെ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയ 3-0നു തൂത്തുവാരി.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറില്‍ (27) വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് എറിഞ്ഞൊതുക്കിയാണ് ഓസീസ് ജയമാഘോഷിച്ചത്. സ്കോര്‍: ഓസ്ട്രേലിയ 225, 121. വെസ്റ്റ് ഇന്‍ഡീസ് 143, 27.
റിക്കാര്‍ഡ് സ്റ്റാര്‍ക്ക്
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് എന്ന നേട്ടം ഇനി സ്റ്റാര്‍ക്കിനു സ്വന്തം. വെറും 15 പന്തിന്റെ ഇടവേളയിലാണ് വിന്‍ഡീസിന്റെ ടോപ് ഓര്‍ഡറിലെ അഞ്ച് വിക്കറ്റ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ഏര്‍ണി ടോഷാക് (1947), സ്റ്റൂവര്‍ട്ട് ബ്രോഡ് (2015), സ്കോട്ട് ബോലണ്ട് (2021) എന്നിവര്‍ 19 പന്തിനിടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. രണ്ടാം ഇന്നിംഗ്സില്‍ സ്റ്റാര്‍ക്ക് 7.3 ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കി.
27: വിന്‍ഡീസിനു നാണക്കേട്
വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 14.3 ഓവറില്‍ 27 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഹാട്രിക്കുമായി സ്കോട്ട് ബോലണ്ടും വിന്‍ഡീസിനെ നാണക്കേടിലേക്കു തള്ളിവിട്ടു. ജസ്റ്റിന് ഗ്രീവ്സ്, ഷാമര്‍ ജോസഫ്, ജോമെല്‍ വാരികന്‍ എന്നിവരെ 14-ാം ഓവറിന്റെ ആദ്യ മൂന്നു പന്തില്‍ പുറത്താക്കിയാണ് ബോലണ്ട് ഹാട്രിക് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്സിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് വിന്‍ഡീസിന്റെ 27. 1955ല്‍ ഇംഗ്ലണ്ടിനെതിരേ 26 റണ്‍സിന് ന്യൂസിലന്‍ഡ് പുറത്തായതാണ് ഒന്നാം സ്ഥാനത്ത്. വിന്‍ഡീസിന്റെ ഏഴ് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ ഏഴ് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്താകുന്നത് ഇതാദ്യമാണ്.
100ല്‍ സ്റ്റാര്‍ക്ക് 400
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 100-ാം ടെസ്റ്റ് മത്സരമായിരുന്നു കിംഗ്സ്റ്റണിലെ സബീന പാര്‍ക്കില്‍ അരങ്ങേറിയ ഓസ്ട്രേലിയ x വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടെസ്റ്റ് (പിങ്ക് ബോള്‍ ടെസ്റ്റ്). ഗ്ലെന്‍ മാഗ്രാത്തിനുശേഷം ഓസ്ട്രേലിയയ്ക്കുവേണ്ടി 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത് പേസറാണ് സ്റ്റാര്‍ക്ക്.
ടെസ്റ്റില്‍ 400 വിക്കറ്റും പിങ്ക് ബോള്‍ പോരാട്ടത്തിനിടെ സ്റ്റാര്‍ക്ക് പൂര്‍ത്തിയാക്കി. ഷെയ്ന് വോണ്‍, മഗ്രാത്ത്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്കുശേഷം 400 ടെസ്റ്റ് വിക്കറ്റുള്ള ഓസീസ് താരമായി 35കാരനായ സ്റ്റാര്‍ക്ക്.