ജസ്പ്രീത് ബുംറ ഇല്ലാത്തപ്പോഴോ ഇന്ത്യക്കു ടെസ്റ്റ് ജയം കൂടുതല്‍..?; കണക്കിനുള്ളിലെ കണക്ക് ഇങ്ങനെ...
Thursday, July 17, 2025 11:54 PM IST
അനീഷ് ആലക്കോട്
ഏറെദൂരം ഓടിപ്പാഞ്ഞെത്തുന്നില്ല, കുറച്ച് നടന്നും ശേഷം കുതിച്ചും ബൗളിംഗ് ക്രീസിലേക്ക്. തുടര്‍ന്നൊരു ചാട്ടം, അതാണെങ്കില്‍ ബാറ്ററിനെ അഭിമുഖീകരിക്കുന്ന തരത്തില്‍. സാങ്കേതികമായി ഇതിന് ഫ്രണ്ട് ഓണ്‍ ആക്ഷന്‍ എന്നു വിശേഷണം. പന്ത് പിടിച്ചിരിക്കുന്ന വലതു കൈമുട്ട് ഹൈപ്പര്‍ എക്സ്റ്റെന്‍ഡഡ്, 180 ഡിഗ്രിക്കും പിന്നിലേക്ക് പന്തുള്ള കൈ വളയുന്നു. പേസും ബൗണ്‍സും സൃഷ്ടിക്കാന്‍ ഇതുപകരിക്കും.
പന്ത് റിലീസ് ചെയ്യുമ്പോള്‍ കൈക്കുഴയുടെ ഉപയോഗം (റിസ്റ്റ് സ്നാപ്പ്). സാധാരണ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് (തലയ്ക്ക് മുകളില്‍) വിരുദ്ധമായി പന്തിന്റെ റിലീസ് പോയിന്റ് തലയ്ക്ക് അല്പം മുന്നില്‍. ഈ ചെറിയ ദൂരം കുറവ് ബാറ്ററിന്റെ പ്രതികരണ സമയം കുറയ്ക്കും. ശരീരത്തിന്റെ അരയ്ക്കു മുകളിലെ കരുത്താണ് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റെങ്ങും കാണാത്ത ബൗളിംഗ് ആക്ഷന്‍, അതുല്യമായ കൃത്യതയും സ്വിംഗും സീമും... ഇതിനെല്ലാം ഒരു പേരുമാത്രം, ജസ്പ്രീത് ബുംറ; ഇന്ത്യയുടെ ബൂം ബൂം സൂപ്പര്‍ പേസര്‍...
ഇംഗ്ലണ്ടിലെ ബുംറ
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന ജസ്പ്രീത് ബുംറയുടെ റേറ്റിംഗ് പോയിന്റ് 901. നിലവില്‍ 900 റേറ്റിംഗിനു മുകളിലുള്ള ഏക ബൗളറാണ് ബുംറ. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ ഒരു ജയത്തില്‍ എത്തിക്കാന്‍ ജസ്പ്രീത് ബുംറയുടെ ബൗളിംഗിനു സാധിച്ചിട്ടില്ല. മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായതില്‍ ഒന്നും മൂന്നും ടെസ്റ്റുകളിലാണ് ബുംറ ഇന്ത്യക്കായി ഇറങ്ങിയത്.
ഈ രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റിലും ലോഡ്സിലെ മൂന്നാം മത്സരത്തിലും ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. രണ്ട് ടെസ്റ്റിലുമായി 12 വിക്കറ്റും ബുംറയ്ക്കുണ്ട്. എന്നാല്‍, ബുംറയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ബുംറ ഇല്ലാത്തപ്പോഴാണ് ടീം ഇന്ത്യ കൂടുതല്‍ ജയം നേടുന്നതെന്നാണ് പൊതുവായ വിമര്‍ശനം. അതില്‍ കഴമ്പുണ്ട്, പക്ഷേ...
കണക്കിലെ ജയം ഇങ്ങനെ
ജസ്പ്രീത് ബുംറ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലുള്ളപ്പോള്‍ ടീമിന്റെ വിജയശതമാനം 42.55 മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ബുംറയെക്കൂടാതെ ടീം ഇന്ത്യ ഇറങ്ങിയപ്പോള്‍ 70.37 ആണ് വിജയശതമാനം. ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടി ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അഞ്ച് മത്സര പരമ്പരയില്‍ ബുംറ ഇല്ലാതെ ഇറങ്ങിയ ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ മാത്രമാണ് ടീം ഇന്ത്യ ഇതുവരെ ജയിച്ചത്. ബുംറ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.
ബുംറയുടെ അരങ്ങേറ്റത്തിനുശേഷം ലോഡ്സിലേത് ഉള്‍പ്പെടെ ഇന്ത്യ ഇതുവരെ കളിച്ചത് 74 ടെസ്റ്റ്. അതില്‍ 47 എണ്ണത്തില്‍ ബുംറ കളിച്ചു. ജയിച്ചത് 20 എണ്ണം മാത്രം. ബുറയില്ലാതെ കളിച്ചത് 27 ടെസ്റ്റ്, ജയം 19.
കണക്കിനുള്ളിലെ കണക്ക്
2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ് ടൗണിലായിരുന്നു ജസ്പ്രീത് ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 47 ടെസ്റ്റ് കളിച്ചു. 2.77 ഇക്കോണമിയും 19.48 ശരാശരിയിലുമായി 217 വിക്കറ്റ് വീഴ്ത്തി. ബുംറ കളിച്ച 47 ടെസ്റ്റില്‍ 35 എണ്ണവും സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിലായിരുന്നു. ഇന്ത്യക്കു ടെസ്റ്റ് ജയം അത്ര എളുപ്പമല്ലാത്ത രാജ്യങ്ങളാണിവ. ഇവിടെ ബുംറയാണ് ഇന്ത്യയുടെ ബൗളിംഗിന്റെ നട്ടെല്ല്.
ബുംറ കളിച്ച 47 ടെസ്റ്റില്‍ 12 എണ്ണം ഓസ്ട്രേലിയയ്ക്കെതിരേ, 11 എണ്ണം ഇംഗ്ലണ്ടിനും 8 എണ്ണം ദക്ഷിണാഫ്രിക്കയ്ക്കും രണ്ട് വീതം ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും എതിരേയാണ്. സേന രാജ്യങ്ങളില്‍ ഇന്ത്യയുടെ 10 ജയങ്ങളില്‍ ബുംറ പങ്കാളിയാണ്. ചേതേശ്വര്‍ പൂജാര (11) മാത്രമാണ് ഈ കണക്കില്‍ ബുംറയ്ക്കു മുന്നിലുള്ളത്.
ഇനി ബുംറയെക്കൂടാതെ ഇന്ത്യ ജയിച്ചെന്നു പറയുന്ന മത്സരങ്ങളുടെ വസ്തുതയിലേക്ക്... ബുംറയുടെ അരങ്ങേറ്റത്തിനുശേഷം അദ്ദേഹമില്ലാതെ ഇന്ത്യ കളിച്ച 27 മത്സരങ്ങളില്‍ 18 എണ്ണവും സ്വദേശത്തായിരുന്നു. ഇന്ത്യക്കു പാരമ്പര്യമായി ആധിപത്യമുള്ള അന്തരീക്ഷത്തില്‍ ജയം കൂടിയതില്‍ അതിശയമില്ല. ബുംറയുടെ അഭാവത്തില്‍ ഇക്കാലയളവില്‍ ആറ് മത്സരങ്ങള്‍മാത്രമാണ് ഇന്ത്യ സേന രാജ്യങ്ങളില്‍ കളിച്ചതെന്നതും യാഥാര്‍ഥ്യം.
എക്സ്ട്രീം ഫോക്കസ്
ജസ്പ്രീത് ബുംറ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലുള്ളപ്പോള്‍ പരാജയപ്പെട്ട മത്സരങ്ങള്‍ 23. ഈ മത്സരങ്ങളില്‍നിന്ന് ബുംറ സ്വന്തമാക്കിയത് 85 വിക്കറ്റ്. ഇന്ത്യ ജയിച്ച 20 മത്സരങ്ങളിലാണെങ്കില്‍ ബുംറയുടെ വിക്കറ്റ് നേട്ടം 14.50 ശരാശരിയില്‍ 110. ഈ രണ്ടു കണക്കിലും മറ്റൊരു ഇന്ത്യന്‍ ബൗളറും ബുംറയുടെ അടുത്തെങ്ങുമെത്തില്ല. 47 ടെസ്റ്റ് കളിച്ചതില്‍ വെറും 12 എണ്ണത്തില്‍ മാത്രമാണ് ബുംറ ഇന്ത്യയില്‍ ഇറങ്ങിയതെന്നതും വാസ്തവം.
മാഞ്ചസ്റ്ററില്‍ ബുംറ
ഇന്ത്യ x ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് 23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ്. തോറ്റാല്‍ ഇന്ത്യക്കു പരമ്പര നഷ്ടപ്പെടും. അതുകൊണ്ടുതന്നെ ബുംറയെ പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോലിഭാരം കണക്കിലെടുത്ത് അഞ്ച് മത്സര പരമ്പരയില്‍ രണ്ട് എണ്ണത്തില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്നാം നാലും ടെസ്റ്റുകള്‍ക്കിടയില്‍ എട്ട് ദിവസത്തെ ഇടവേളയുണ്ട്.