പന്തും ബുംറയും
Tuesday, June 11, 2024 12:47 AM IST
ബാറ്റിംഗ് Vs ബാറ്റിംഗ് ആണെങ്കിൽ ഞാൻ ടിവി ഓഫ് ആക്കാറാണ് പതിവ്. അതേസമയം, ബൗളിംഗ് Vs ബൗളിംഗ് ആണെങ്കിൽ എനിക്കത് ഏറെ ഇഷ്ടമാണ് പറയുന്നത് മാറ്റാരുമല്ല, ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.
ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ 2024 എഡിഷനിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ രണ്ട് ജയം നേടിയപ്പോഴും പ്ലെയർ ഓഫ് ദ മാച്ച് ആയത് ബുംറയാണ്. പേസ് ബൗളിംഗിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചിൽ മിന്നൽപ്പിണർ സൃഷ്ടിക്കുകയാണ് ബുംറ. ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം ശരിക്കും ബൗളിംഗ് Vs ബൗളിംഗ് ആയിരുന്നു. അതിൽ ബുംറയും സംഘവും ജയം സ്വന്തമാക്കി.
അയർലൻഡിനെതിരേ 3-1-6-2 എന്നതായിരുന്നു ബുംറയുടെ ബൗളിംഗ്. പാക്കിസ്ഥാനെതിരേ 4-0-14-3ഉം. ലോകകപ്പിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് എന്ന നേട്ടവും ബുംറ കരസ്ഥമാക്കി.
ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബുംറയെപോലെ തിളങ്ങിയ മറ്റൊരുതാരം ഋഷഭ് പന്താണ്. 31 പന്തിൽ 42 റണ്‍സുമായി പാക്കിസ്ഥാനെതിരേ പന്ത് ഇന്ത്യയുടെ ടോപ് സ്കോററായി. അയർലൻഡിനെതിരേ 26 പന്തിൽ 36 നോട്ടൗട്ട് എന്നതായിരുന്നു പന്തിന്റെ സ്കോർ. മൂന്നാം നന്പറായി ക്രീസിലെത്തുന്ന പന്ത് തന്റെ ഇരിപ്പിടം ഉറപ്പിക്കുന്ന നിർണായ പ്രകടനങ്ങളാണ് ആദ്യരണ്ട് മത്സരത്തിലും കാഴ്ചവച്ചത്.