ഇന്ത്യ x കുവൈറ്റ് പോരാട്ടം രാത്രി ഏഴിന് ;സുനിൽ ഛേത്രിക്ക് ഇന്ന് വിടവാങ്ങൽ മത്സരം
Thursday, June 6, 2024 12:18 AM IST
കോൽക്കത്ത: ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന വിശേഷണം സ്വന്തമാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർ സുനിൽ ഛേത്രിക്ക് സലാം നമസ്തേ... ഇന്ത്യൻ ജഴ്സിയിൽ ഛേത്രിക്ക് ഇന്ന് അവസാന മത്സരം. 2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ കുവൈറ്റിന് എതിരേയാണ് സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം.
രാത്രി ഏഴിന് കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഛേത്രിക്കായി ഇന്ത്യ ഇറങ്ങും... 150 മത്സരങ്ങൾ, 94 ഗോൾ... ഇതിഹാസം ബൂട്ടഴിക്കുന്പോൾ ഇന്ത്യൻ റിക്കാർഡുകളിൽ സുനിൽ ഛേത്രി എന്ന പേര് ബാക്കിയാകും...
സജീവ ഫുട്ബോൾ രംഗത്ത് ഉള്ള കളിക്കാരിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (128), അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും (106) മാത്രമാണ് ഛേത്രിയേക്കാൾ കൂടുതൽ ഗോൾ രാജ്യാന്തര വേദിയിൽ സ്വന്തമാക്കിയിട്ടുള്ളത്.
A1 ആദ്യ ഗോൾ
രാജ്യാന്തര അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ താരമാണ് സുനിൽ ഛേത്രി. 2005 ജൂണ് 12ന് ചിരവൈരികളായ പാക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ കന്നിഗോൾ. മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും 1-1 സമനിലയിൽ പിരിഞ്ഞു. 2006 കലണ്ടർ വർഷത്തിൽ ഗോൾ നേടാൻ സാധിച്ചില്ല. 2007ൽ ആറ് ഗോൾ സ്വന്തമാക്കി.
അനന്തപുരി ഗോൾ
ഛേത്രിയുടെ 50-ാം രാജ്യാന്തര ഗോൾ തിരുവനന്തപുരം ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു. മലയാളികൾക്ക് അഭിമാനിക്കാനുള്ള മുഹൂർത്തം സമ്മാനിച്ച് 2015 സാഫ് ചാന്പ്യൻഷിപ്പിൽ സുനിൽ ഛേത്രി മൂന്ന് ഗോൾ തിരുവനന്തപുരത്ത് സ്വന്തമാക്കി. മാലദ്വീപിന് എതിരായ സെമിയിൽ 25-ാം മിനിറ്റിൽ നേടിയതായിരുന്നു സുനിൽ ഛേത്രിയുടെ 50-ാം രാജ്യാന്തര ഗോൾ.
ഫൈനലിന്റെ അധികസമയത്ത് (101’) അഫ്ഗാനിസ്ഥാനെതിരേ ഛേത്രി നേടിയ ഗോളിൽ ഇന്ത്യ സാഫ് ചാന്പ്യൻഷിപ് സ്വന്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന 2015 സാഫ് ചാന്പ്യൻഷിപ്പിൽ മൂന്ന് ഗോൾ സുനിൽ ഛേത്രി നേടി. ചേത്രിയുടെ വർണശബളമായ ഫുട്ബോൾ കരിയറിലെ മൂന്ന് ഗോൾ കേരളക്കരയിലായിരുന്നു എന്നു ചുരുക്കം.
ലോകനാലാമൻ
രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തോടെയാണ് ഛേത്രി ബൂട്ട് അഴിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാന്റെ മുൻ താരം അലി ദേയി (108), ലയണൽ മെസി എന്നിവർക്ക് പിന്നിലാണ് ഛേത്രിയുടെ സ്ഥാനം.
ഇന്ത്യയുടെ ടോപ് സ്കോറർമാരിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർ നേടിയ ആകെ ഗോളിനേക്കാൾ ഒരെണ്ണത്തിന്റെ കുറവ് മാത്രമാണ് ഛേത്രിക്കുള്ളതെന്നതും ശ്രദ്ധേയം. ഐ.എം. വിജയൻ (29), ബൈചുങ് ബൂട്ടിയ (27), ജെജ ലാൽപെഖ്ലുവ (23), പി.കെ. ബാനർജി (16) എന്നിവരാണ് ഛേത്രിക്ക് പിന്നിൽ ഇന്ത്യക്കായി ഗോൾ നേടിയതിൽ രണ്ട് മുതൽ അഞ്ചുവരെ സ്ഥാനത്തുള്ളത്. ഈ നാലുപേരും ചേർന്നുള്ള ഗോൾ നേട്ടം 95ഉം ഛേത്രിക്കു മാത്രം 94ഉം ഉണ്ടെന്നതാണ് ശ്രദ്ധേയം.
37% ഗോൾ
2005ൽ സുനിൽ ഛേത്രി രാജ്യാന്തര അരങ്ങേറ്റം നടത്തിയതിനുശേഷം ഇന്ത്യ നേടിയ ആകെ ഗോളുകളിൽ 37 ശതമാനവും സുനിൽ ഛേത്രിയിൽനിന്നാണ് പിറന്നത്.
2005 മുതൽ 2024വരെയായുള്ള 19 വർഷത്തിനിടെ ഇന്ത്യ 256 ഗോൾ നേടി, ഛേത്രി 94ഉം. ഇന്ത്യയുടെ 256 ഗോൾ 184 മത്സരങ്ങളിൽനിന്നാണ്. ഛേത്രിയുടേത് 150 കളികളിൽനിന്നാണെന്നതാണ് ശ്രദ്ധേയം. 2019നുശേഷം ഇന്ത്യ നേടിയ ഗോളുകളിൽ 49 ശതമാനവും ഛേത്രിയുടെ വകയായിരുന്നു എന്നതും മറ്റൊരു വാസ്തവം.