ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Wednesday, May 15, 2024 1:38 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) പുരുഷ ടീമിനായി മുഖ്യ പരിശീലകനെ തേടുന്നു. മൂന്നര വർഷം നീളുന്ന കരാർ ആയിരിക്കും പുതിയ കോച്ചിന് ബിസിസിഐ നൽകുക, അതായത് 2024 ജൂലൈ ഒന്ന് മുതൽ 2027 ഡിസംബർ 31വരെ. മേയ് 27വരെ അപേക്ഷ സമർപ്പിക്കാം.
സോഷ്യൽ മീഡിയയിലൂടെയും ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് ഗുരുവിനെ തേടുന്ന പരസ്യം ക്രിക്കറ്റ് ബോർഡ് പ്രസിദ്ധപ്പെടുത്തിയത്. 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിനു (മേയ് 26) പിറ്റേദിവസംവരെ ഇന്ത്യൻ ക്രിക്കറ്റ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.
ഐപിഎല്ലിനു പിന്നാലെ ഐസിസി 2024 ട്വന്റി-20 ലോകകപ്പ് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി അരങ്ങേറും. ട്വന്റി-20 ലോകകപ്പ് വരെയാണ് നിലവിൽ ഇന്ത്യയൻ മുഖ്യപരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന് കരാറുള്ളത്. 2023 ഐസിസി ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാർ. ലോകകപ്പ് നേടാനുള്ള അവസാന അവസരം എന്ന നിലയിൽ ട്വന്റി-20 ലോകകപ്പ് വരെ കരാർ ദീർഘിപ്പിക്കുകയായിരുന്നു. ജൂണ് രണ്ട് മുതൽ 29വരെയാണ് ഐസിസി ട്വന്റി-20 ലോകകപ്പ്.
രാഹുൽ ദ്രാവിഡ്
2021 നവംബർ മുതൽ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ മുഖ്യ പരിശീലകൻ. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ മുൻപരിചയവുമായാണ് ഇന്ത്യൻ കോച്ചായത്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും 2014 ഇന്ത്യൻ ടീമിന്റെയും മെന്ററായിരുന്നു ദ്രാവിഡ്.
ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് ദ്രാവിഡിന് തുടരാനുള്ള അവസരമുണ്ടെന്നും അതിനായി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ലക്ഷ്മണ്
രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ ഇന്ത്യൻ ടീം പങ്കെടുത്ത ടൂർണമെന്റുകളിൽ മുഖ്യപരിശീലകനായത് വി.വി.എസ്. ലക്ഷ്മണ് ആയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത കോച്ച് ലക്ഷ്മണ് ആയിരിക്കുമെന്നാണ് പൊതുവായ ധാരണ. അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയോടെയാണ് ലക്ഷ്മണ് ഇന്ത്യൻ കോച്ചിന്റെ കുപ്പായമിട്ടത്. 2023 ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനും ലക്ഷ്മണായിരുന്നു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കോച്ചായ ചരിത്രവും ലക്ഷ്മണിനു സ്വന്തം.
ജസ്റ്റിൻ ലാംഗർ
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകുക എന്നത് വലിയ നേട്ടമാണെന്ന് ബിസിസിഐയുടെ പരസ്യത്തിനുപിന്നാലെ ഓസ്ട്രേലിയൻ മുൻതാരവും കോച്ചുമായ ജസ്റ്റിൻ ലാംഗർ പ്രതികരിച്ചു. പ്രതിഭകൾ നിരവധിയുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താത്പര്യമുണ്ടെന്നും ലാംഗർ വ്യക്തമാക്കി. 2023 മുതൽ ഐപിഎൽ ട്വന്റി-20യിൽ ലക്നോ സൂപ്പർ ജയന്റ്സിന്റെ പരിശീലകനാണ്.
2018-22 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ലാംഗർ. 2021 ട്വന്റി-20 ലോകകപ്പ്, ആഷസ് തുടങ്ങിയ ശ്രദ്ധേയ നേട്ടങ്ങൾ ലാംഗറിന്റെ ശിക്ഷണത്തിൽ ഓസീസ് സ്വന്തമാക്കി.
ടോം മൂഡി, ആൻഡി ഫ്ളവർ
ഓസീസ് മുൻ താരം ടോം മൂഡിയും സിബാബ്വെ മുൻ താരം ആൻഡി ഫ്ളവറും ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് എത്താൻ സാധ്യതയുള്ളവരാണ്. ഐപിഎല്ലിൽ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ മുൻ പരിശീലകനായിരുന്നു ടോം മൂഡി. ശ്രീലങ്കയുടെ പരിശീലകനായ പരിചയവും മൂഡിക്കു സ്വന്തം.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നേട്ടത്തിലേക്ക് നയിച്ച പരിശീലകനാണ് ആൻഡി ഫ്ളവർ. 2010 ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് ഫ്ളവറിന്റെ ശിക്ഷണത്തിനു കീഴിലായിരുന്നു. നിലവിൽ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കോച്ചാണ്.
വിദേശ പരിശീലകനെ നിയോഗിക്കാൻ ബിസിസിഐക്കു താത്പര്യമുണ്ടെങ്കിൽ മാത്രമേ ലാംഗർ, മൂഡി, ഫ്ളവർ എന്നിവർക്ക് നറുക്കുവീഴൂ എന്നതാണ് ശ്രദ്ധേയം.
യോഗ്യതകൾ
ചുരുങ്ങിയത് 30 ടെസ്റ്റ് അല്ലെങ്കിൽ 50 ഏകദിനം കളിച്ച പരിചയം ആവശ്യം; അല്ലെങ്കിൽ
ടെസ്റ്റ് പദവിയുള്ള ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് ചുരുങ്ങിയത് രണ്ട് വർഷം; അല്ലെങ്കിൽ
ഐസിസി അസോസിയേറ്റ് ടീം/ഐപിഎൽ അല്ലെങ്കിൽ സമാന ലീഗ്/ദേശീയ എ ടീം/ഫസ്റ്റ് ക്ലാസ് ടീം എന്നിവയിൽ ചുരുങ്ങിയത് മൂന്ന് വർഷ പരിചയം; അല്ലെങ്കിൽ ബിസിസിഐ ലെവൽ 3 സർട്ടിഫിക്കറ്റ്, തതുല്യംപ്രായം 60ൽ കവിയരുത്