ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
Tuesday, May 14, 2024 1:56 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡിംഗ് തടസപ്പെടുത്തി (ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ്) പുറത്താകുന്ന മൂന്നാമത് ബാറ്റർ എന്ന നാണക്കേട് ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക്.
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനിടെയാണ് ഫീൽഡിംഗ് തടസപ്പെടുത്തൽ നിയമപ്രകാരം ജഡേജ പുറത്തായത്. തേർഡ് അന്പയറിന്റെ വിധിയിലൂടെയാണ് ജഡേജ പുറത്തായത്. ആറ് പന്തിൽ അഞ്ച് റണ്‍സ് മാത്രമായിരുന്നു ജഡേജ നേടിയത്.
രാജസ്ഥാൻ മുന്നോട്ടുവച്ച 142 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടരുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിന്റെ അഞ്ചാം പന്ത്. ഡീപ്പ് തേർഡിലേക്ക് പന്ത് തിരിച്ചുവിട്ട് ജഡേജ സിംഗിൾ എടുത്തു. തുടർന്ന് രണ്ടാം റണ്ണിനായി ശ്രമിച്ചു. പകുതിവരെ എത്തിയ ജഡേജയെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചുവിട്ടു. തിരിഞ്ഞോടിയപ്പോൾ ജഡേജ വിക്കറ്റ് മറയ്ക്കുന്ന തരത്തിലായിരുന്നു.
ഇതിനിടെ പന്ത് ലഭിച്ച വിക്കറ്റ് കീപ്പർ സഞ്ജു ബൗളറിനു പന്ത് നൽകാൻ ശ്രമിച്ചു. പക്ഷേ, പന്ത് ജഡേജയുടെ ഇടത് കൈമുട്ടിൽ കൊണ്ടു. ഇതോടെ രാജസ്ഥാൻ താരങ്ങൾ അപ്പീൽ ചെയ്തു. അന്പയർ തീരുമാനം തേർഡ് അന്പയറിനു കൈമാറി. വിധി ജഡേജയ്ക്ക് എതിരായി.
ഐപിഎൽ ചരിത്രത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ താരം യൂസഫ് പഠാനും ഡൽഹി ക്യാപ്പിറ്റൽസിന്റെ മുൻതാരം അമിത് മിശ്രയും മാത്രമായിരുന്നു മുന്‍പ് ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ് വഴി പുറത്തായത്. 2013 ഐപിഎല്ലിൽ പൂന വാരിയേഴ്സിനെതിരായ മത്സരത്തിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ യൂസഫ് പഠാൻ പന്ത് മനഃപൂർവം തൊഴിച്ചു.
റിവ്യൂവിനുശേഷം അന്പയർ ഔട്ട് വിധിച്ചു. 2019ൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിൽ റണ്‍ എടുക്കുന്നതിനിടെ ഡൽഹി ക്യാപ്പിറ്റൽസിന്റെ അമിത് മിശ്ര വിക്കറ്റ് മറയ്ക്കുന്ന തരത്തിൽ ക്രോസ് റണ്ണിംഗ് നടത്തി. റിവ്യൂവിനുശേഷം അന്പയർ അതും ഔട്ട് വിധിച്ചു.
രാജസ്ഥാൻ റോയൽസിനെതിരേ അഞ്ച് വിക്കറ്റ് ജയം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേയാണ് ചെന്നൈയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം.