സണ്‍റൈസേഴ്സ് ഹൈദരാബാദിന് പത്ത് വിക്കറ്റ് വിജയം
Thursday, May 9, 2024 1:59 AM IST
ഹൈദരാബാദ്: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമയും മാറിമാറി ലക്നോ സൂപ്പർ ജയന്റ്സ് ബൗളർമാരെ തല്ലിത്തകർത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് പത്ത് വിക്കറ്റ് വിജയം സമ്മാനിച്ചു. ജയിക്കാൻ വേണ്ടിയിരുന്ന 166 റണ്‍സ് ഹൈദരാബാദ് 9.4 ഓവറിൽ 167 റൺസ് നേടി മറികടന്നു.
പുറത്താകാതെ നിന്ന ഹെഡ് 30 പന്തിൽ എട്ടു ഫോറിന്റെയും അത്രതന്നെ സിക്സിന്റെയും അകന്പടിയിലാണ് 89 റണ്‍സ് നേടിയത്. ഒപ്പമുണ്ടായിരുന്ന അഭിഷേക് ശർമ 28 പന്തിൽ എട്ടു ഫോറും ആറു സിക്സും സഹിതമാണ് 75 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ നാലു വിക്കറ്റിന് 165 റണ്‍സ് നേടി.
പുറത്താകാതെ നിന്ന ആയൂഷ് ബദോനി (30 പന്തിൽ 55), നിക്കോളസ് പുരാൻ (26 പന്തിൽ (48) എന്നിവരുടെ പ്രകടനമാണ് ലക്നോവിനെ മാന്യമായ സ്കോറിലെത്തിച്ചത്. നാല് ഓവറിൽ 12 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാറാണ് ലക്നോവിനെ തുടക്കത്തിൽ തകർത്തത്.
സണ്‍റൈസേഴ്സിന്റെ ഈ മിന്നും ജയത്തോടെ മുംബൈ ഇന്ത്യൻസ് ഒൗദ്യോഗികമായി ഈ ഐപിഎൽ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായി. ജയത്തോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തായി.