ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലാനുകൾ വെളിപ്പെടുത്തി രോഹിത്തും അഗാർക്കറും
Friday, May 3, 2024 2:49 AM IST
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ പ്ലാനുകളുടെ ഏകദേശ രൂപം വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ. പ്ലാൻ എ, ബി, സി എന്നിങ്ങനെ പലത് തന്റെ മനസിൽ ഉണ്ടെന്നും അതിനനുസരിച്ചുള്ള ടീമിനെയാണ് ആവശ്യപ്പെട്ടതെന്നും സൂചിപ്പിക്കുന്നതായിരുന്നു രോഹിത് ശർമയുടെ വെളിപ്പെടുത്തലുകൾ.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോൾ നടത്തിയ പ്രതികരണങ്ങളിൽനിന്നാണ് പ്ലാനുകൾ വെളിപ്പെട്ടത്.
ലോകകപ്പിനായി ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചതെന്ന് രോഹിതും അഗാർക്കറും വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ് അഞ്ച് രാത്രി എട്ടിന് അയർലൻഡിന് എതിരേയാണ്.
നാല് സ്പിന്നർമാരെ ആവശ്യമുണ്ട്
നാല് സ്പിന്നർമാരെ 15 അംഗ ടീമിൽ ഉൾപ്പെടുത്താൻ കാരണമുണ്ടെന്ന് രോഹിത് ശർമ വ്യക്തമാക്കി. ആ പ്ലാൻ എന്താണെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും വെസ്റ്റ് ഇൻഡീസിൽ ചെന്നശേഷം ചിലപ്പോൾ വെളിപ്പെടുത്തിയേക്കാമെന്നും രോഹിത് കൂട്ടിച്ചേർത്തു. സാഹചര്യങ്ങളും എതിരാളികളെയും മുന്നിൽക്കണ്ടാണ് നാല് സ്പിന്നർമാരെയും മൂന്ന് പേസർമാരെയും തെരഞ്ഞെടുത്തത്.
രണ്ട് സ്പിൻ ഓൾ റൗണ്ടർമാരും (രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ) രണ്ട് സ്പെഷലിസ്റ്റ് സ്പിന്നർമാരുമാണ് (യുസ്\വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്) 15 അംഗ ഇന്ത്യൻ ടീമിലുള്ളത്.
ഓഫ് സ്പിൻ ഓപ്ഷനായി വാഷിംഗ്ടണ് സുന്ദറിനെ പരിഗണിച്ചിരുന്നു. എന്നാൽ, അദ്ദേഹം മികച്ച ഫോമിലല്ല. ആർ. അശ്വിനും അക്സർ പട്ടേലുമായിരുന്നു അവസാന റൗണ്ടിൽ പരിഗണിക്കപ്പെട്ടത്. അക്സർ ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു- അക്സർ പട്ടേലിന്റെ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് രോഹിത് വ്യക്തമാക്കി.
ടോപ് ഓർഡർ സെറ്റ്, പ്ലേയിംഗ് 11
ഇന്ത്യയുടെ ടോപ് ഓർഡർ ഹിറ്റിംഗ് സെറ്റാണെന്ന് രോഹിത് സൂചിപ്പിച്ചു. ശിവം ദുബെ ടോപ് ഓർഡർ ഹിറ്റിംഗിലേക്ക് എത്തിയേക്കാനുള്ള സാധ്യതയും രോഹിത് തള്ളിയില്ല. യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ദുബെ, സൂര്യകുമാർ യാദവ് എന്നിവരായിരിക്കാം ഇന്ത്യയുടെ ടോപ് ഓർഡർ ഹിറ്റർമാർ.
പ്ലേയിംഗ് ഇലവൻ മനസിൽ ഉണ്ടെന്നും ഐപിഎല്ലിലെ ചില പ്രകടനങ്ങൾ വിലയിരുത്തിയല്ല ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു. പരിശീലന മത്സരങ്ങൾക്കുശേഷം മാത്രമേ പ്ലേയിംഗ് ഇലവനെ അന്തിമമായി തെരഞ്ഞെടുക്കൂ എന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.
സഞ്ജു, പന്ത് മധ്യനിരയിൽ
എന്തുകൊണ്ട് കെ.എൽ. രാഹുലിന് വിക്കറ്റ് കീപ്പർ ബാറ്ററായി ഇടംലഭിച്ചില്ല എന്നതായിരുന്നു ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുപിന്നാലെ ഉയർന്ന ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്ന്. മലയാളി സൂപ്പർ താരം സഞ്ജു സാംസണും കാർ അപകടത്തെത്തുടർന്ന് പരിക്കേറ്റ് ഒന്നരവർഷത്തോളം പുറത്തായിരുന്ന ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർ ബാറ്റർമാരായി ലോകകപ്പ് ടീമിൽ ഉൾപ്പെട്ടത്.
‘കെ.എൽ. (രാഹുൽ) അസാമാന്യ കളിക്കാരനാണ്. ടീമിൽ മധ്യനിരയിൽ കളിക്കുന്നവരെയായിരുന്നു ആവശ്യം. അയാൾ (രാഹുൽ) ടോപ് ഓർഡർ ബാറ്ററാണ്. പന്തും സഞ്ജുവും മധ്യനിരയിലാണ് കളിക്കുന്നത്. ടീമിലെ സ്ലോട്ടാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായി പരിഗണിച്ചത്’ - അജിത് അഗാർക്കർ പറഞ്ഞു.
അതായത്, നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഒന്നായിരിക്കും വിക്കറ്റ് കീപ്പർ ബാറ്ററിനായി ലോകകപ്പ് ടീമിൽ ഉണ്ടായിരിക്കുക എന്നു ചുരുക്കം. ലോകകപ്പ് ടീമിൽ ഇടംലഭിച്ചതിനു പിന്നാലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്റെ അകന്പടിയോടെ സഞ്ജു ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രത്തിന് 20 ലക്ഷത്തിൽ അധികം ലൗ ചിഹ്നം ലഭിച്ചെന്നതും ശ്രദ്ധേയം.
ഹാർദിക്, ദുബെ പന്തെറിയും
ഐപിഎൽ 2024 സീസണിൽ തിളങ്ങാത്ത ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിൽ നെറ്റിചുളിച്ചവർ ഏറെയുണ്ട്. വൈസ് ക്യാപ്റ്റനായ സ്ഥിതിക്ക് പ്ലേയിംഗ് ഇലവനിൽ ഹാർദിക് ഉണ്ടാകുമെന്നതും ഉറപ്പാണ്.
ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനാക്കുന്നതായിരുന്നു നല്ലതെന്ന അഭിപ്രായവും മുൻതാരങ്ങളിൽ ചിലർ പങ്കുവച്ചു. എന്നാൽ, മീഡിയം പേസ് ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയെയും ശിവം ദുബെയെയും കുറിച്ച് തനിക്ക് വ്യക്തമായ പ്ലാൻ ഉണ്ടെന്ന് രോഹിത് ഇന്നലെ വെളിപ്പെടുത്തി.
“ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും ട്വന്റി-20 ലോകകപ്പിൽ ബൗൾ ചെയ്യും. ഇവർ മികച്ച ക്രിക്കറ്റർമാരാണ്. മാത്രമല്ല, ഇരുവരും ടീമിൽ നിർണായകവുമാണ് ” - രോഹിത് ശർമ പറഞ്ഞു.
ഇടംകൈ ബാറ്ററും വലംകൈ മീഡിയം പേസറുമാണ് ദുബെ. ഹാർദിക് വലംകൈ മീഡിയം പേസറും വലംകൈ ബാറ്ററും. ഇരുവരും സ്ഫോടനാത്മക ബാറ്റർമാരും വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ളവരുമാണെന്നതാണ് ഹൈലൈറ്റ്.
റിങ്കു, ഗിൽ
റിങ്കു സിംഗിനെയും ശുഭ്മാൻ ഗില്ലിനെയും സ്റ്റാർഡ് ബൈ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് കടുപ്പമേറിയതും ദുഷ്കരവുമായ തീരുമാനമെന്ന് അഗാർക്കർ പറഞ്ഞു.
രണ്ട് അതിഭീകര വിക്കറ്റ് കീപ്പർമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ എക്സ്ട്രാ ബൗളിംഗ് ഓപ്ഷനായിരുന്നു തേടിയത്. അതോടെയാണ് റിങ്കുവിനും ഗില്ലിനും സ്റ്റാൻഡ് ബൈ ആകേണ്ടിവന്നതെന്നും അഗാർക്കർ വ്യക്തമാക്കി.