പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
Friday, April 19, 2024 3:33 AM IST
കോട്ടയം: പാരീസ് ഒളിന്പിക്സിലേക്ക് ഇന്നേക്ക് 98 ദിനങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ പരിക്കേറ്റ് പുറത്ത്.
പരിശീലനത്തിനിടെയേറ്റ പരിക്കിനെത്തുടർന്ന് പാരീസ് ഒളിന്പിക്സിൽനിന്ന് പിന്മാറുകയാണെന്ന് ശ്രീശങ്കർ അറിയിച്ചു. കാൽമുട്ടിനേറ്റ പരിക്കാണ് മലയാളി താരത്തിന്റെ ഒളിന്പിക് സ്വപ്നത്തിനു വിനയായത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നും ചുരുങ്ങിയത് ആറ് മാസമെങ്കിലും വിശ്രമം വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ മുംബൈയിലാണ്.
കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരിക്കേറ്റത്. ചൈനയിലെ ഷാങ്ഹായിൽ 24ന് നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗിനായി പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു.
മേയ് 10നു നടക്കാനിരിക്കുന്ന ദോഹ ഡയമണ്ട് ലീഗിലും താരത്തിന് എൻട്രി ലഭിച്ചിരുന്നു. ഡയമണ്ട് ലീഗുകൾക്കുശേഷം ഒളിന്പിക്സിനായി വിദേശത്തായിരുന്നു പരിശീലനം ക്രമീകരിച്ചിരുന്നത്. ലോംഗ്ജംപ് ലോകറാങ്കിംഗിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കർ പാരീസ് ഒളിന്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായിരുന്നു. പാരീസ് ഒളിന്പിക് യോഗ്യത സ്വന്തമാക്കിയ ഏക മലയാളിയും.
ബാങ്കോക്കിൽ നടന്ന 2023 ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 8.37 മീറ്റർ താണ്ടിയതോടെയാണ് ശ്രീശങ്കറിന് പാരീസ് ടിക്കറ്റ് ലഭിച്ചത്. ചാന്പ്യൻഷിപ്പിൽ വെള്ളിയും ശ്രീശങ്കറിനായിരുന്നു. 8.27 മീറ്ററാണ് പാരീസ് ഒളിന്പിക്സ് പുരുഷ ലോംഗ്ജംപിനുള്ള യോഗ്യതാ മാർക്ക്. ഇരുപത്തഞ്ചുകാരനായ ശ്രീശങ്കർ 2022 കോമണ്വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു. 2021 ടോക്കിയോ ഒളിന്പിക്സിൽ 7.69 മീറ്ററുമായി 13-ാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ.