മിന്നൽപ്പിണർ
Thursday, April 4, 2024 1:38 AM IST
തീതുപ്പുന്ന പന്തുകൾക്ക് കൃത്യതകൂടി ചേരുന്പോൾ ക്രീസിൽ ബാറ്റർമാർ വിയർക്കും. അങ്ങനെ തീതുപ്പുന്ന കൃത്യതയാർന്ന പന്തുകളുമായി ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ വിടർത്തിയിരിക്കുകയാണ് മായങ്ക് പ്രഭു യാദവ് എന്ന ഇരുപത്തൊന്നുകാരൻ. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മായങ്ക് യാദവിന്റെ തീപ്പന്തുകൾ കണ്ട് ഓസ്ട്രേലിയക്കാർവരെ അദ്ഭുതപ്പെട്ടു.
തുടർച്ചയായി 150 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പന്തെറിയുന്ന മായങ്ക് അതോടെ അദ്ഭുതപ്രതിഭാസമായി. 2024 ഐപിഎല്ലിൽ ഇതുവരെ പിറന്നതിൽവച്ച് ഏറ്റവും വേഗമേറിയ പന്ത് എന്ന റിക്കാർഡ് ലക്നോ സൂപ്പർ ജയന്റ്സ് താരമായ മായങ്കിന്റെ പേരിലാണ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ 156.7 കിലോമീറ്റർ വേഗത്തിലാണ് മായങ്കിന്റെ പന്ത് വിക്കറ്റിളക്കിയത്. അതും കാമറൂണ്‍ ഗ്രീനിന്റെ.
വെസ്റ്റേണ്‍ ഓസ്ട്രേലിയക്കാരനായ ഗ്രീനിന്റെ വിക്കറ്റ് വേഗമേറിയ പന്തിലൂടെ പിഴുതെങ്കിൽ ഇന്ത്യയുടെ ഭാവി സൂപ്പർ പേസറാകും മായങ്ക് യാദവ് എന്ന് അതോടെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തി. 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മായങ്ക് ഉൾപ്പെടുമോ എന്നതാണ് ഇനിയറിയേണ്ടത്. 2022 ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ ഉമ്രാൻ മാലിക്കിന് പിന്നീട് ശോഭിക്കാനായില്ല എന്ന ദുര്യോഗം ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ടതാണ്.
രാജധാനി എക്സ്പ്രസ്
2022 ഐപിഎൽ സീസണിൽ ലക്നോയുടെ ക്യാന്പിലെത്തിയതാണ് മായങ്ക് യാദവ്. പരിക്കിനെ തുടർന്ന് ഐപിഎൽ അരങ്ങേറ്റം വൈകി. ഒടുവിൽ കാത്തിരുന്ന അരങ്ങേറ്റം എത്തി. 2024 സീസണിൽ പഞ്ചാബ് കിംഗ്സിന് എതിരേയായിരുന്നു അരങ്ങേറ്റം.
155.8 കിലോമീറ്റർ വേഗത്തിൽ പഞ്ചാബിനെതിരായ മത്സരത്തിൽ മായങ്ക് പന്ത് എറിഞ്ഞു. ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തായിരുന്നു അത്. രണ്ട് ദിവസത്തിന്റെ ഇടവേളയ്ക്കുശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ എറിഞ്ഞത് 156.7 കിലോമീറ്ററിലും. അതോടെ രാജധാനി എക്സ്പ്രസ് എന്ന വിളിപ്പേരും മായങ്കിനു ലഭിച്ചു.
ഇരട്ട പ്ലെയർ ഓഫ് ദ മാച്ച്
ഐപിഎൽ അരങ്ങേറ്റ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരം എന്ന റിക്കാർഡ് മായങ്ക് സ്വന്തമാക്കി. പഞ്ചാബ് കിംഗ്സിന് എതിരേ നാല് ഓവറിൽ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയുമാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. പഞ്ചാബിന് എതിരേ 21 റണ്ണിനായിരുന്നു ലക്നോയുടെ ജയം, ആർസിബിക്ക് എതിരേ 28 റണ്‍സിനും.
അമ്മേ, എനിക്ക് പറക്കാം
ആറ് വർഷം മുന്‍പ് സോണറ്റ് ക്ലബ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ താരക് സിൻഹ എന്ന കോച്ചാണ് ആദ്യമായി മായങ്ക് യാദവ് എന്ന അതിവേഗ ബൗളറെ കണ്ടറിഞ്ഞത്. മായങ്കിൽനിന്ന് ഫീസ് ഈടാക്കരുതെന്ന് അന്ന് താരക് സിൻഹ നിർദേശിച്ചു.
2021ൽ വിജയ് ഹസാരെ ട്രോഫിക്കായി ഡൽഹിക്ക് ഒപ്പം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ യുപി പരിശീലകനായ വിജയ് ദാഹിയയും മായങ്കിന്റെ ബൗളിംഗിൽ അദ്ഭുതംകൂറി. ലക്നോ സൂപ്പർ ജയന്റ്സിന്റെ അന്നത്തെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായ ഗൗതം ഗംഭീറിനെ ഫോണിൽവിളിച്ച് മായങ്കിനെ കുറിച്ച് ധരിപ്പിച്ചു. അങ്ങനെയാണ് ലക്നോ മായങ്കിനെ 2022 സീസണിലേക്ക് സ്വന്തമാക്കിയത്.
ആർസിബിക്ക് എതിരേ ലക്നോയെ ജയത്തിലെത്തിച്ചശേഷം മായങ്ക് തന്റെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു, നോക്കമ്മേ, എനിക്ക് പറക്കാനാകും... അച്ഛൻ പ്രഭുവിന്റെ ആഗ്രഹമായിരുന്നു മകനെ പേസ് ബൗളർ ആക്കണമെന്നത്.
തീതുപ്പുന്ന പന്തുകൾ നേരിടാനാകാതെ വട്ടം കറങ്ങുന്ന ബാറ്റർമാരുടെ ദയനീയതാണ് കുഞ്ഞുനാളിൽ മായങ്കിനെ ആകർഷിച്ചത്. അതുകണ്ട് പേസ് ബൗളിംഗിലേക്ക് എത്തിയ മായങ്ക്, പന്ത് കൈയിലെടുത്തപ്പോൾ പഴയ ഇഷ്ടം പ്രാവർത്തികമാക്കി മിന്നൽപ്പിണറാകുന്നു...
IPL അതിവേഗക്കാർ
താരം, വേഗം കിലോമീറ്റർ മണിക്കൂറിൽ (2024)
മായങ്ക് യാദവ് 156.7
നന്ദ്രെ ബർഗർ 153.0
ജെറാൾഡ് കോറ്റ്സി 152.3
അൽസാരി ജോസഫ് 151.2
മതീശ പതിരാന 150.9