പന്ത് vs സഞ്ജു
Thursday, March 28, 2024 1:13 AM IST
ജയ്പുർ: പിങ്ക് സിറ്റിയായ ജയ്പുരിനെ കൂടുതൽ പിങ്കണിയിക്കാൻ സഞ്ജു സാംസണും സംഘവും ഇന്നിറങ്ങും.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17-ാം സീസണിൽ തുടർച്ചയായ രണ്ടാം ഹോം ജയത്തിനായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ഇന്ന് കളത്തിൽ. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ പന്തും സഞ്ജുവുമാണ് ഇരുടീമിനെയും നയിക്കുന്നത്.
കാറപകടത്തെത്തുടർന്ന് ഒരു വർഷത്തിലധികം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നശേഷം ഋഷഭ് പന്ത് തിരിച്ചെത്തുന്ന ടൂർണമെന്റാണിത്. ആദ്യമത്സരത്തിൽ പന്തിന്റെ ഡൽഹി നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടു.
സഞ്ജു പ്ലെയർ ഓഫ് ദ മാച്ച് ആയ പോരാട്ടത്തിൽ രാജസ്ഥാൻ 20 റണ്‍സിന് ലക്നോ സൂപ്പർ ജയ്ന്റ്സിനെ കീഴടക്കിയിരുന്നു.
ഐപിഎല്ലിൽ ഇതുവരെ ഇരുടീമും തമ്മിൽ 27 തവണ ഏറ്റുമുട്ടി. അതിൽ 14 ജയം രാജസ്ഥാൻ റോയൽസ് നേടിയപ്പോൾ 13 എണ്ണത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് വെന്നിക്കൊടി പാറിച്ചു.
ഡൽഹിയുടെ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണറും രാജസ്ഥാന്റെ പേസ് ബൗളർ ട്രെന്റ് ബോൾട്ടും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. ഡൽഹിയുടെ മിച്ചൽ മാർഷും രാജസ്ഥാന്റെ സ്പിന്നർ യുസ്വേന്ദ്ര ചാഹലും തമ്മിലും രാജസ്ഥാൻ ബാറ്റർ ജേസ് ബട്ലറും ഡൽഹി സ്പിന്നർ കുൽദീപ് യാദവും തമ്മിലും ഏറ്റുമുട്ടൽ നടക്കും.