ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
Wednesday, March 27, 2024 1:34 AM IST
റൊസാരിയൊ (അർജന്റീന): അർജന്റൈൻ ഫുട്ബോൾ താരം എയ്ഞ്ചൽ ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി. സംഭവത്തെക്കുറിച്ച് അർജന്റൈൻ പോലീസും പ്രോസിക്യൂട്ടറും അന്വേഷണം ആരംഭിച്ചു.
ഡിമരിയയുടെ വീടിന്റെ മുന്നിൽ ഒരു കറുത്ത കവറിലാണ് വധഭീഷണി കുറിപ്പ് കണ്ടെത്തിയത്. നാട്ടിലെ ക്ലബ്ബിനായി കളിക്കാൻ എത്തിയാൽ കുടുംബത്തിനു ജീവഹാനി നേരിടുമെന്നാണ് ഭീഷണി.
റൊസാരിയൊയിലെ മയക്കുമരുന്ന് മാഫിയയാണ് ഭീഷണിക്കു പിന്നിലെന്നാണ് സൂചന. ഗവർണർക്കു പോലും നിങ്ങളെ രക്ഷിക്കാൻ സാധിക്കില്ലെന്നും ഭീഷണി കത്തിൽ ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുപ്പത്താറുകാരനായ ഡിമരിയ പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയിലാണ് നിലവിൽ കളിക്കുന്നത്. റൊസാരിയൊ സെൻട്രലിലൂടെയാണ് ഡിമരിയ യൂത്ത് കരിയറിൽ മഹാഭൂരിപക്ഷം കളിച്ചതും സീനിയർ അരങ്ങേറ്റം നടത്തിയതും.
2022 ഫിഫ ലോകകപ്പ് നേടിയ അർജന്റൈൻ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു ഡിമരിയ. രാജ്യാന്തര സൗഹൃദ മത്സരത്തിനായി അർജന്റൈൻ ടീമിനൊപ്പം യുഎസ്എയിലാണ് താരം.