ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17-ാം സീസണിലേക്ക് രണ്ട് ദിനങ്ങൾ മാത്രം...
Wednesday, March 20, 2024 12:08 AM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ആരാധകരേ, ശാന്തരാകുവിൻ... ബ്ലോക്ബസ്റ്റർ ഐപിഎൽ അടി മറ്റന്നാൾ മുതൽ നിങ്ങളുടെ കണ്മുന്നിലേക്ക്... പത്ത് ടീമും പത്തു തലകളുമായി കളത്തിൽ കപ്പിനായുള്ള പടയോട്ടം ആരംഭിക്കുന്പോൾ നാടും നഗരവും ട്വന്റി-20 ക്രിക്കറ്റ് ആരവത്തിലേക്ക് ചുവടുമാറും.
ക്രിക്കറ്റിന്റെയും തെരഞ്ഞെടുപ്പിന്റെയും ചൂടും ചൂരുമുള്ള ദിനങ്ങളിലേക്കാണ് രാജ്യം നാളെമുതൽ മിഴിതുറക്കുക. പകൽ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടാണെങ്കിൽ രാത്രി ട്വന്റി-20 ക്രിക്കറ്റ് അടിയും ഏറും അരങ്ങേറും... ഐപിഎല്ലിന്റെ 17-ാം സീസണ് രാജാക്കന്മാരാകാനുള്ള തയാറെടുപ്പിലാണ് ടീമുകൾ.
മുംബൈ ഇന്ത്യൻസ്
(ചാന്പ്യൻ: 2013, 2015, 2017, 2019, 2020)
ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ, കോച്ച്: മാർക്ക് ബൗച്ചർ
ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ഹാർദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച് രോഹിത് ശർമയ്ക്കു പകരം നായകസ്ഥാനത്ത് അവരോധിച്ച ശേഷമാണ് മുംബൈ ഇത്തവണ എത്തുന്നത്. പുതിയ കാലഘട്ടത്തിന്റെ കാഹളമെന്നു വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവകരമായ തീരുമാനം. ഹാർദിക്കിനെ കൂടാതെ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരടങ്ങുന്ന വൻ നിരയാണ് മുംബൈയുടെ കരുത്ത്. ബുംറയ്ക്കു കൂട്ടായി ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോറ്റ്സിയും ഇത്തവണയുണ്ട്. പീയുഷ് ചൗള ഒഴികെ എടുത്തുപറയാൻ തക്ക മികച്ചൊരു സ്പിന്നർ ടീമിലില്ല. പരിക്കിനെത്തുടർന്ന് സൂര്യകുമാർ യാദവ് ആദ്യ മത്സരങ്ങളിൽ കണ്ടേക്കില്ല എന്ന സന്ദേഹമുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സ്
(ചാന്പ്യൻ: 2010, 2011, 2018, 2021, 2023)
ക്യാപ്റ്റൻ: എം.എസ്. ധോണി, കോച്ച്: സ്റ്റീഫൻ ഫ്ളെമിംഗ്
ഈ സീസണിലെ പകുതിയോളം ലീഗ് മത്സരങ്ങൾ സ്വന്തം കളത്തിൽ കളിക്കാമെന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സിന് ഗുണകരമാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വ മികവാണ് മറ്റൊരു കരുത്ത്. ചെപ്പോക്കിലെ സ്ലോ പിച്ച് രവീന്ദ്ര ജഡേജ, മോയിൻ അലി, മഹീഷ തീക്ഷണ, മിച്ചൽ സാന്റ്നർ എന്നിവർക്ക് കൂടുതൽ ഫലപ്രദമാക്കാനാകും. ഋതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, മോയിൻ അലി, ഡാരൽ മിച്ചൽ, രചിൻ രവീന്ദ്ര, ജഡേജ, മഹേന്ദ്ര സിംഗ് ധോണി എന്നിവരുള്ള മികച്ച ബാറ്റിംഗ്-ഓൾറൗണ്ട് നിര.
ബൗളിംഗ് നിരയും മികച്ചതുതന്നെ. മുഷ്താഫിസുർ റഹ്മാൻ, ഷാർദുർ ഠാക്കൂർ, ദീപക് ചാഹർ, മതീശ പതിരാന എന്നിവരാണ് പേസ് നിരയിലെ പ്രമുഖർ. ടോപ് ഓർഡർ ബാറ്റർ ഡാരൽ മിച്ചലിന് പരിക്കിനെ തുടർന്ന് ലീഗിന്റെ പകുതിയിലേറെ ഭാഗം കളിക്കാനാവാത്തത് ടീമിന് തിരിച്ചടിയാണ്. തീക്ഷണയ്ക്കും മുഷ്താഫിസുറിനും പരിക്കുണ്ടെന്നതും പ്രശ്നമായേക്കും.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
(ചാന്പ്യൻ: 2016)
ക്യാപ്റ്റൻ: പാറ്റ് കമ്മിൻസ്, കോച്ച്: ഡാനിയേൽ വെട്ടോറി
ഓസ്ട്രേലിയയ്ക്ക് ടെസ്റ്റ് ലോക ചാന്പ്യൻഷിപ്, ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിക്കൊടുത്ത പാറ്റ് കമ്മിൻസിന്റെ നേതൃത്വം സൺറൈസേഴ്സിന് ഈ സീസണ് മികച്ചതാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. എക്കാലവും ബൗളിംഗ് യൂണിറ്റാണ് സണ്‍റൈസേഴ്സിന്റെ കരുത്ത്. ഇതിൽ പേസിന് കമ്മിൻസിന്റെ വരവ് കൂടുതൽ കരുത്ത് നൽകും. ഒപ്പം ഭുവനേശ്വർ കുമാറും മായങ്ക് മർക്കണ്ഡെയുമുണ്ട്. സ്പിന്നിൽ വനിന്ദു ഹസരംഗയുടെ വരവ് ടീമിനു ഗുണം ചെയ്യും.
ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം എന്നിവരുള്ള ബാറ്റിംഗ് നിരയും ശക്തമാണ്. ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിക്കുന്ന ഒരു കളിക്കാൻ ഇല്ല. മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, ഉമ്രാൻ മാലിക്, അബ്ദുൾ സമദ് എന്നിവർക്ക് ഇക്കഴിഞ്ഞ സീസൺ ആഭ്യന്തര ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശോഭിക്കാനായില്ല.
രാജസ്ഥാൻ റോയൽസ്
(ചാന്പ്യൻ: 2008)
ക്യാപ്റ്റൻ: സഞ്ജു സാംസണ്, കോച്ച്: സംഗക്കാര
നായകൻ സഞ്ജു സാംസണ്, ജോസ് ബട്ലർ, യശസ്വി ജയ്സ്വാൾ എന്നിവരുള്ള മികച്ച ബാറ്റിംഗ് നിര. ഇതിലേക്ക് ഷിമ്രോണ്‍ ഹെറ്റ്മെയർ, റയാൻ പരാഗ്, ധ്രുവ് ജുറെൽ, റോവ്മാൻ പവൽ എന്നിവരുമെത്തും. ബൗളിംഗിലേക്കു നോക്കിയാൽ യുസ്വേന്ദ്ര ചാഹൽ, ആദം സാംപ, ആർ. അശ്വിൻ എന്നീ സ്പിന്നർമാർക്കൊപ്പം പേസിൽ ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവരുമെത്തുന്പോൾ ടീം സന്തുലിതവും ശക്തവുമായിമാറുന്നു.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
(ചാന്പ്യൻ: 2012, 2014)
ക്യാപ്റ്റൻ: ശ്രേയസ് അയ്യർ, കോച്ച്: ചന്ദ്രകാന്ത് പണ്ഡിറ്റ്
എല്ലാം ടീമുകളെയും പോലെ മികച്ച ബാറ്റിംഗ് നിരയാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേത്. ഫിൽ സാൾട്ട്, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ എന്നിവരുള്ള ബാറ്റിംഗ് നിര. ബൗളിംഗിൽ സുനിൽ നരേന്റെ സ്പിന്നിലാണ് പ്രതീക്ഷ. ആവശ്യമാണെങ്കിൽ ബാറ്റിംഗിൽ വിസ്ഫോടനം നടത്താനുള്ള കഴിവും നരേനുണ്ട്. സ്പിന്നർ വരുണ്‍ ചക്രവർത്തിയും മികച്ച കളിക്കാരനാണ്. പേസ് ശക്തമാക്കാൻ റിക്കാർഡ് വിലയ്ക്ക് മിച്ചൽ സ്റ്റാർക്കിനെ ടീമിലെത്തിച്ചിട്ടുണ്ട്. ബാറ്റിംഗും സ്പിൻ നിരയും ശക്തമാണെങ്കിലും പേസിനു മികച്ചൊരു നിരയില്ല. അതിനാൽ സ്റ്റാർക്കിന്റെ തോളിലെ ഭാരം വർധിക്കും.
ഗുജറാത്ത് ടൈറ്റൻസ്
(ചാന്പ്യൻ: 2022)
ക്യാപ്റ്റൻ: ശുഭ്മാൻ ഗിൽ, കോച്ച്: ആശിഷ് നെഹ്റ
ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലെത്തിയതോടെ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ടൈറ്റൻസ് ഈ സീസണ് ഒരുങ്ങുന്നത്. ഹാർദിക്കിനു കീഴിൽ തുടർച്ചയായി രണ്ടു വട്ടം ഫൈനലിൽ പ്രവേശിച്ച ടൈറ്റൻസ് ഈ സീസണിലും അതേപ്രകടനം ലക്ഷ്യമിടുന്നു. ഗിൽ, കെയ്ൻ വില്യംസണ്, ഡേവിഡ് മില്ലർ, രാഹുൽ തെവാട്യ, മാത്യു വേഡ് എന്നിവരുള്ള മനോഹരമായ ബാറ്റിംഗ് നിര. മധ്യനിരയെ ശക്തമാക്കാൻ തമിഴ്നാടിന്റെ ബാറ്റർ ഷാരൂഖ് ഖാനുമുണ്ട്. ബൗളിംഗിൽ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ മുന്നിൽനിന്ന് നയിക്കുന്നു. ആവശ്യസമയത്ത് ബാറ്റുകൊണ്ടും മികച്ച സംഭാവന താരം നൽകും. ഒപ്പം സഹതാരം നൂർ അഹമ്മദുമുണ്ട്. ഉമേഷ് യാദവിനെ കൊണ്ടുവന്ന് പേസ് നിര ശക്തമാക്കാനാണ് ടീമിന്റെ ശ്രമം. മുഹമ്മദ് ഷമി ഇല്ലാത്തത് പേസ് ആക്രമണത്തെ ബാധിക്കും.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
ക്യാപ്റ്റൻ: ഫാഫ് ഡുപ്ലെസി, കോച്ച്: ആൻഡി ഫ്ളവർ
വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്മൃതി മന്ദാന നയിക്കുന്ന ടീം നേടിയത് പുരുഷ ടീമിനെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം. ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീം ശക്തമാണ്. ഡുപ്ലെസിയെ കൂടാതെ വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, രജത് പാട്ടിദാർ എന്നിവരുള്ള മികച്ച ബാറ്റിംഗ് നിര. ഇവർക്കൊപ്പം കാമറൂണ്‍ ഗ്രീനും ചേരും. ബാറ്റിംഗ് നിര ശക്തമാണെങ്കിലും മികച്ചൊരു ബൗളിംഗ് യൂണിറ്റ് ഇല്ലാത്തതാണ് ദൗർബല്യം. മുഹമ്മദ് സിറാജ്, അൽസാരി ജോസഫ്, ലോകി ഫെർഗുസൻ, യാഷ് ദയാൽ, ടോം കരൻ എന്നിവർ പേസ് ആക്രമണത്തിനുണ്ടെങ്കിലും ഇവർ റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കാത്തവരാണ്. സ്പിൻ നിരയിൽ കരണ്‍ ശർമയും ഹിമാൻഷു ശർമയുമാണ്.
ഡൽഹി ക്യാപ്പിറ്റൽസ്
ക്യാപ്റ്റൻ: ഋഷഭ് പന്ത്, കോച്ച്: റിക്കി പോണ്ടിംഗ്
കാറപകടത്തെത്തുടർന്ന് ഒരു വർഷത്തിലധികം പുറത്തിരുന്ന നായകൻ ഋഷഭ് പന്ത് തിരിച്ചെത്തുന്നതാണ് ക്യാപ്പിറ്റൽസിന് ആശ്വാസം നൽകുന്നത്. കൂടാതെ ഡേവിഡ് വാർണർ, മിച്ചൽ മാർഷ് എന്നീ ഓസ്ട്രേലിയക്കാരുടെ മികവും. ബൗളിംഗിൽ സ്പിന്നർമാരായ കുൽദീപ് യാദവും അക്ഷർ പട്ടേലും പേസ് ആക്രമണത്തിൽ മുകേഷ് കുമാറും ഉള്ളത് ടീമിന് കരുത്താകുന്നു.
ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി എന്നിവർ ഇല്ലാത്തത് തിരിച്ചടിയായേക്കും.
പഞ്ചാബ് കിംഗ്സ്
ക്യാപ്റ്റൻ: ശിഖർ ധവാൻ, കോച്ച്: ട്രെവർ ബെയ്ൽസ്
ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, റില റൂസോ, ജിതേഷ് ശർമ എന്നീ ബാറ്റർമാരും ലിയാം ലിവിംഗ്സ്റ്റണ്, സിക്കന്ദർ റാസ, സാം കരൻ എന്നിങ്ങനെ ഓൾറൗണ്ടർമാരുമുള്ള ടീം താരസന്പന്നമാണ്. മികച്ച ബാറ്റിംഗ് നിരയ്ക്കൊപ്പം ബൗളിംഗും ശക്തം. കഗിസോ റബാദ, ഹാർഷൽ പട്ടേൽ, ക്രിസ് വോക്സ്, അർഷ്ദീപ് സിംഗ് എന്നിവർ പേസ് ബൗളിംഗ് ശക്തമാക്കുന്നു. മികച്ച സ്പിന്നർമാരില്ലാത്തതാണ് ദൗർബല്യം. രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ എന്നിവരാണ് സ്പിന്നർമാർ.
ലക്നോ സൂപ്പർ ജയന്റ്സ്
ക്യാപ്റ്റൻ: കെ.എൽ. രാഹുൽ, കോച്ച്: ജസ്റ്റിൻ ലാംഗർ
മികച്ച ബാറ്റിംഗ് നിരയാണ് എൽഎസ്ജിയുടെ കരുത്ത്. ദേവ്ദത്ത് പടിക്കൽ, കെ.എൽ. രാഹുൽ, ക്വിന്റണ്‍ ഡി കോക്ക്, കെയ്ൽ മയേഴ്സ്, നിക്കോളസ് പുരാൻ എന്നിവർ ഏതു ബൗളിംഗിനെയും അടിച്ചുതകർക്കാൻ കെൽപ്പുള്ളവരാണ്. കൂടാതെ മാർകസ് സ്റ്റോയിനിസ്, കൃണാൽ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവടങ്ങുന്ന ഓൾ റൗണ്ടർമാരുടെ നിരയുമുണ്ട്. മികച്ച പേസ് നിരയില്ല. അമിത് മിശ്ര, രവി ബിഷ്ണോയ് എന്നിവരാണ് പ്രധാന സ്പിന്നർമാർ.
ഐപിഎൽ ഫിക്സ്ചർ
മാർച്ച് 22: ചെന്നൈ x ബംഗളൂരു 8.00 pm
മാർച്ച് 23: പഞ്ചാബ് x ഡൽഹി 3.30 pm, കോൽക്കത്ത x ഹൈദരാബാദ് 7.30 pm
മാർച്ച് 24: രാജസ്ഥാൻ x ലക്നോ 3.30 pm, ഗുജറാത്ത് x മുംബൈ 7.30 pm
മാർച്ച് 25: ബംഗളൂരു x പഞ്ചാബ് 7.30 pm
മാർച്ച് 26: ചെന്നൈ x ഗുജറാത്ത് 7.30 pm
മാർച്ച് 27: ഹൈദരാബാദ് x മുംബൈ 7.30 pm
മാർച്ച് 28: രാജസ്ഥാൻ x ഡൽഹി 7.30 pm
മാർച്ച് 29: ബംഗളൂരു x കോൽക്കത്ത 7.30 pm
മാർച്ച് 30: ലക്നോ x പഞ്ചാബ് 7.30 pm
മാർച്ച് 31: ഗുജറാത്ത് x ഹൈദരാബാദ് 3.30 pm, ഡൽഹി x ചെന്നൈ 7.30 pm
ഏപ്രിൽ 01: മുംബൈ x രാജസ്ഥാൻ 7.30 pm
ഏപ്രിൽ 02: ബംഗളൂരു x ലക്നോ 7.30 pm
ഏപ്രിൽ 03: ഡൽഹി x കോൽക്കത്ത 7.30 pm
ഏപ്രിൽ 04: ഗുജറാത്ത് x പഞ്ചാബ് 7.30 pm
ഏപ്രിൽ 05: ഹൈദരാബാദ് x ചെന്നൈ 7.30 pm
ഏപ്രിൽ 06: രാജസ്ഥാൻ x ബംഗളൂരു 7.30 pm
ഏപ്രിൽ 07: മുംബൈ x ഡൽഹി 3.30 pm , ലക്നോ x ഗുജറാത്ത് 7.30 pm