ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇനിയുള്ളത് ഏഴ് ദിനങ്ങൾ
Friday, March 15, 2024 3:25 AM IST
ഇന്നേക്ക് ഏഴാംനാൾ ലോക ക്രിക്കറ്റിന്റെ മാസ്മരികത മിഴിതുറക്കും. പിന്നീടങ്ങോട്ട് ഏറും അടിയും മാത്രം. വില്ലോ ബാറ്റാൽ അടികൊണ്ട് പായുന്ന പന്ത്, ബാറ്റിനും പാഡിനും ഇടയിലെ വിടവ് കണ്ടെത്തി വിക്കറ്റിളക്കാനുള്ള പന്തിന്റെ വ്യഗ്രത... അടികൊണ്ട് വേലിക്കെട്ടിനുള്ളിലും പുറത്തുമായി വിശ്രമമില്ലാതെ പായുന്ന പന്തിൽ മനസർപ്പിക്കുന്ന ആരാധകർ... ആരാധകമനസിനെ തണുപ്പിച്ച് പെയ്തിറങ്ങുന്ന റണ്‍സ്... ഇതെല്ലാം ഒന്നിച്ചെത്തുന്ന, 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലേക്ക് ഇനി ശേഷിക്കുന്നത് ഏഴ് ദിനങ്ങൾ മാത്രം. 2024 ഐപിഎല്ലിൽ 10 ടീമുകളുണ്ടെങ്കിലും ഏഴാം നന്പർ ജഴ്സിയണിയുന്ന ക്യാപ്റ്റന്മാർ രണ്ട്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ എം.എസ്. ധോണിയും ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗില്ലും.
ഏഴും എഴുപത്തേഴും
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനിയൊരു ഏഴാം നന്പർ ഇല്ലെന്ന തീരുമാനം ബിസിസിഐ എടുത്തശേഷമുള്ള ആദ്യ ഐപിഎല്ലാണ് ഈ മാസം 22ന് ആരംഭിക്കുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടുള്ള ആദരസൂചകമായാണ് അദ്ദേഹം അണിഞ്ഞിരുന്ന ഏഴാം നന്പർ ബിസിസിഐ റിട്ടയർ ചെയ്തത്.
സച്ചിൻ തെണ്ടുൽക്കറിന്റെ 10-ാം നന്പർ മാത്രമായിരുന്നു ഇതിനു മുന്‍പ് ബിസിസിഐ റിട്ടയർ ചെയ്ത ഏക ജഴ്സി നന്പർ. ഏഴാം നന്പറിനോട് പ്രണയമുള്ള ശുഭ്മാൻ ഗിൽ ദേശീയ ടീമിനായി അണിയുന്നത് 77-ാം നന്പർ ജഴ്സിയാണ്.
തലയും സ്റ്റൈലും
ചെന്നൈയുടെ തലയായ ധോണി, മുടി നീട്ടിവളർത്തിയാണ് ഇത്തവണ എത്തുന്നതെന്നതാണ് ശ്രദ്ധേയം. ദേശീയ ടീമിൽ ധോണിയെത്തിയ സമയത്തെ ഹെയർ സ്റ്റൈലാണിത്. ഒരുപക്ഷേ, ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തിയ സ്റ്റൈലോടെ പടിയിറങ്ങാനാണോ ധോണിയുടെ ശ്രമമെന്നും ആരാധകർ ആശങ്കപ്പെടുന്നു. 42-ാം വയസിലും ധോണിയുടെ സ്റ്റൈലും ക്രിക്കറ്റും വിട്ടുപോയിട്ടില്ലെന്നതാണ് വാസ്തവം.
ഐപിഎൽ കിരീടം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ രണ്ട് ടീമുകളിൽ ഒന്നാണ് എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്. മുംബൈ ഇന്ത്യൻസാണ് മറ്റൊരു ടീം. ധോണിയുടെ കീഴിൽ ആറാം കിരീടമാണ് സിഎസ്കെ ഇത്തവണ ലക്ഷ്യംവയ്്ക്കുന്നത്. അതിനുള്ള സന്നാഹവും പടക്കോപ്പും ചെന്നൈയ്ക്കുണ്ട്. ഡാരെൽ മിച്ചൽ, രചിൻ രവീന്ദ്ര, ഷാർദുൾ ഠാക്കൂർ എന്നിവർ സിഎസ്കെയിലേക്ക് എത്തിയിട്ടുണ്ട്.
ഐപിഎൽ ആരംഭിച്ച 2008 മുതൽ സ്ഥിരം സാന്നിധ്യമായ ധോണി ചാന്പ്യൻഷിപ്പിൽ ഇതുവരെ ആകെ 250 മത്സരങ്ങൾ കളിച്ചു. 24 അർധസെഞ്ചുറിയടക്കം 5082 റണ്‍സ് നേടി.
നവനായകൻ
ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിന്റെ അരങ്ങേറ്റ സീസണാണിത്. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയതോടെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻസി ഗില്ലിനു വന്നുചേർന്നത്.
ഗില്ലിന്റെ ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റ് ലോകം സൂക്ഷ്മമായി വീക്ഷിക്കുമെന്നതിൽ തർക്കമില്ല. കാരണം, ഇന്ത്യൻ ദേശീയ ടീമിന്റെ അമരത്തേക്ക് എത്താൻ സാധ്യതയുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇരുപത്തിനാലുകാരനായ ഗിൽ.
2018 മുതൽ ഐപിഎല്ലിന്റെ ഭാഗമായ ഗിൽ, ഇതുവരെ ആകെ 91 മത്സരങ്ങൾ കളിച്ചു. മൂന്ന് സെഞ്ചുറിയും 18 അർധസെഞ്ചുറിയും അടക്കം 2790 റണ്‍സ് നേടി. 2022ൽ ഗുജറാത്ത് ചാന്പ്യന്മാരായപ്പോൾ ഗുജറാത്തിന്റെ നിർണായ സാന്നിധ്യമായിരുന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയായിരുന്നു ഗില്ലിന്റെ ഐപിഎൽ അരങ്ങേറ്റം.