ടെസ്റ്റിന് മഴ ഭീഷണി
Tuesday, March 5, 2024 1:32 AM IST
ധരംശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ വ്യാഴാഴ്ച ആരംഭിക്കേണ്ട അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് മഴ ഭീഷണിയായേക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഏഴ് മുതൽ 11വരെയാണ് ധരംശാല ടെസ്റ്റ് നടക്കേണ്ടത്. ഈ ദിവസങ്ങളിൽ ഇടവിട്ട് ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് സൂചന. അതിശൈത്യവും പ്രതികൂല ഘടകമാണ്.
ആദ്യ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 3-1ന് പരന്പര ഉറപ്പിച്ചതാണ്. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ 17-ാം ടെസ്റ്റ് പരന്പര നേട്ടമാണിത്. മൂന്നാം ടെസ്റ്റിൽ വിശ്രമം ലഭിച്ച പേസർ ജസ്പ്രീത് ബുംറ അഞ്ചാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിലുണ്ട്.
കെ.എൽ. രാഹുലിനു പകരം മലയാളി വേരുള്ള ദേവ്ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.