മോഡ്രിച്ച് ഗോളിൽ റയൽ
Tuesday, February 27, 2024 12:46 AM IST
മാഡ്രിഡ്: പകരക്കാരനായി ഇറങ്ങി വലകുലുക്കി ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിനു ജയം നല്കി. ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 1-0ന് സെവിയ്യയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെ പോയിന്റ് ഉയർത്തി. റയലിന് 65 പോയിന്റും രണ്ടാമതുള്ള ബാഴ്സലോണയ്ക്ക് 57 പോയിന്റുമാണുള്ളത്.
ആദ്യ പകുതിയിൽ റയലിനായിരുന്നു ആധിപത്യം. തുടക്കത്തിൽ ലൂകാസ് വാസ്ക്വസ് വലകുലുക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ നിഷേധിച്ചു.
സെവിയ്യയുടെ നീക്കങ്ങൾ പലപ്പോഴും ഒരു സ്വീപ്പർ കീപ്പറായി പ്രവർത്തിച്ച ഗോൾകീപ്പർ ആന്ദ്രെ ലീനിന്റെ കാലുകളിൽ തട്ടിയകന്നു. റയലിന് ഒരവസരം പോലും നൽകാതെ പിടിച്ചുനിന്ന ഗോൾകീപ്പർ ഒരിയൻ നയിലൻഡിന് 81-ാം മിനിറ്റിൽ മോഡ്രിച്ചിനു മുന്നിൽ പിഴച്ചു.
സെവിയ്യ പ്രതിരോധതാരത്തിന്റെ ക്ലിയറൻസ് ശ്രമം പെനാൽറ്റി ബോക്സിനു വെളിയിൽ നിന്ന മോഡ്രിച്ചിന്റെ കാലുകളിലേക്കായിരുന്നു. ക്രൊയേഷ്യൻ താരത്തിന്റെ കരുത്തുറ്റ ഷോട്ട് വലയിൽ തറച്ചു.