പോർട്ടോയിൽ ആഴ്സണൽ ഞെട്ടി, നാപ്പോളി-ബാഴ്സ സമനില
Thursday, February 22, 2024 10:55 PM IST
പോർട്ടോ: ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ആഴ്സണലിന് അപ്രതീക്ഷിത തോൽവിയേൽപ്പിച്ച് എഫ്സി പോർട്ടോ. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഒന്നാംപാദ പ്രീക്വാർട്ടറിൽ പോർട്ടോ 1-0ന് ആഴ്സണലിനെ തകർത്തു. വിരസമായ മത്സരത്തിന്റെ 90+4ാം മിനിറ്റിലാണ് ആഴ്സണലിനെ ഞെട്ടിച്ച് ഗലേനോ വലകുലുക്കിയത്.
കഴിഞ്ഞ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ 21 ഗോൾ നേടിയ ആഴ്സണലിന്റെ നിഴൽ മാത്രമാണ് പോർട്ടോയിൽ കണ്ടത്. ആക്രമിക്കാൻ മറുന്നതുപോലെയായിരുന്ന കളത്തിലെ പ്രകടനം. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല. 2011 മാർച്ചിൽ ബാഴസലോണയോട് 3-1ന് തോറ്റശേഷം ആദ്യമായാണ് ആഴ്സണലിന് ചാന്പ്യൻസ് ലീഗിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെ പോകുന്നത്.
പുതിയ പരിശീലകൻ ഫ്രാൻസെസ്കോ കാൽസോനയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ നാപ്പോളിക്ക് സമനില. യുവേഫ ചാന്പ്യൻസ് ലീഗ് ഒന്നാംപാദ പ്രീക്വാർട്ടറിൽ നാപ്പോളി-ബാഴ്സലോണ മത്സരം 1-1ന് സമനിലയായി.
മുന്നിൽനിന്നശേഷമാണ് ബാഴ്സലോണ സമനില വഴങ്ങിയത്. 60-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയെ മുന്നിലെത്തിച്ചു. 15 മിനിറ്റ് കഴിഞ്ഞ് വിക്ടർ ഒസിംഹെൻ ആതിഥേയർക്ക് സമനില നല്കി. 16 വർഷവും 223 ദിവസവും പ്രായമുള്ള ബാഴ്സയുടെ ലാമിനെ യാമൽ ചാന്പ്യൻസ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.