അണ്ടർ 19 വനിതാ സാഫ് കപ്പ് ഇന്ത്യക്ക്
Thursday, February 8, 2024 11:21 PM IST
ധാക്ക: സാഫ് അണ്ടർ 19 വനിതാ ഫുട്ബോൾ കിരീടം ഇന്ത്യക്ക്. ഫൈനലിൽ ബംഗ്ലാദേശിനെ ടോസിലൂടെ കീഴടക്കിയാണ് ഇന്ത്യൻ കൗമാരതാരങ്ങളുടെ കിരീട നേട്ടമെന്നതാണ് ശ്രദ്ധേയം.
കിരീടത്തിലേക്ക് അടുക്കുകയായിരുന്ന ഇന്ത്യയെ ഇഞ്ചുറി ടൈം ഗോളിലൂടെ 1-1ന് ബംഗ്ലാദേശ് സമനിലയിൽ പിടിച്ചു. തുടർന്ന് ഗോൾ കീപ്പർമാരുൾപ്പെടെ 11 പേരും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഷൂട്ടൗട്ടും 11-11ന് സമനിലയിൽ. തുടർന്നായിരുന്നു കിരീടം ആർക്കെന്ന് നിശ്ചയിച്ച് ടോസ് ഇട്ടത്. ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പമായിരുന്നു.
അതേസമയം, ടോസ് ഇട്ട് കിരീടം നിശ്ചയിച്ച അധികൃതരുടെ നീക്കത്തെ ബംഗ്ലാദേശ് കളിക്കാരും കോച്ചിംഗ് സ്റ്റാഫും കാണികളും ശക്തമായി എതിർത്തു. വൻപ്രതിഷേധമായിരുന്നു ഗാലറിയിലും മൈതാനത്തും അരങ്ങേറിയത്. മത്സരം അവസാനിക്കുന്പോൾ കളത്തിലുള്ള എല്ലാവരും ഒരു റൗണ്ട് പെനാൽറ്റി എടുത്തിട്ടും ജേതാവിനെ നിശ്ചിയിക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാം റൗണ്ട് പെനാൽറ്റി എടുക്കണമെന്നതാണ് ഫിഫ നിയമം.
ഇഞ്ചുറി ടൈം ഗോളിലായിരുന്നു ബംഗ്ലാദേശ് ഒപ്പം എത്തിയത്. എട്ടാം മിനിറ്റിൽ സിബാനി നേടിയ ഗോളിൽ ഇന്ത്യ ലീഡ് സ്വന്തമാക്കി. 1-0ന് ജയിച്ച് ഇന്ത്യ കിരീടം നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു ബംഗ്ലാദേശിന്റെ സമനില ഗോൾ. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബംഗ്ലാദേശ് 90+3-ാം മിനിറ്റിൽ സമനിലയിലെത്തി.
സഗോരികയുടെ വകയായിരുന്നു ആതിഥേയരുടെ ഗോൾ. തുടർന്ന് അരങ്ങേറിയ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ അഞ്ച് ഷോട്ടും ഇരുടീമും ലക്ഷ്യത്തിലെത്തിച്ചു. അതോടെ സഡൻ ഡെത്തിലേക്ക് കാര്യങ്ങളെത്തി. എന്നാൽ, ഗോൾ കീപ്പർമാർ ഉൾപ്പെടെ 11 പേരും ലക്ഷ്യം തെറ്റാതെ പെനാൽറ്റി വലയിലാക്കി.
2021ൽ ഇന്ത്യയെ ഫൈനലിൽ കീഴടക്കിയായിരുന്നു ബംഗ്ലാദേശിന്റെ കിരീടധാരണം. 80-ാം മിനിറ്റിൽ നേടിയ ഗോളിൽ 1-0നായിരുന്നു അന്ന് ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ് കിരീടത്തിൽ മുത്തംവച്ചത്. 2018ൽ അണ്ടർ 18 വിഭാഗത്തിൽ 2023ൽ അണ്ടർ 20 വിഭാഗത്തിലും ബംഗ്ലാദേശ് സാഫ് കപ്പ് സ്വന്തമാക്കി.