ഏഷ്യൻ കപ്പ് സെമി ഇന്ന്
Tuesday, February 6, 2024 1:22 AM IST
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ സെമിക്ക് ഇന്നു തുടക്കം. ആദ്യ സെമിയിൽ ശക്തരായ ദക്ഷിണകൊറിയ ആദ്യമായി സെമി ഫൈനലിലെത്തിയ ജോർദാനെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഖത്തറും ഇറാനും ഏറ്റുമുട്ടും.
കടലാസിൽ കരുത്തർ കൊറിയയാണെങ്കിലും കന്നി സെമി ഫൈനൽ അവിസ്മരണീയമാക്കുകയാണ് ജോർദാന്റെ ലക്ഷ്യം. ആദ്യമായാണ് ജോർദാൻ ഒരു അന്താരാഷ്ട്ര ടൂർണമെന്റിന്റെ സെമിയിൽ പ്രവേശിക്കുന്നത്.
ഇത്തവണ സെമിയിലുള്ള ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമും ജോർദാനാണ്. കൊറിയ 23 -ാം റാങ്കിലും ജോർദാൻ 87-ാമതുമാണ്. ടൂർണമെന്റിൽ രണ്ടാം തവണയാണു കൊറിയയും ജോർദാനും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ 2-2ന് സമനിലയായിരുന്നു.