കോഹ്ലി വീണ്ടും അച്ഛനാകുന്നു...
Sunday, February 4, 2024 12:14 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി വീണ്ടും അച്ഛനാകാനുള്ള തയാറെടുപ്പിലാണെന്ന് റിപ്പോർട്ട്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ കോഹ്ലിയുടെ സഹകളിക്കാരനായ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉൾപ്പെടെ കോഹ്ലി വിട്ടുനിൽക്കുകയാണ്.
വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽനിന്ന് വിട്ടുനിൽക്കുകയാണെന്നായിരുന്നു ബിസിസിഐയുടെ വിശദീകരണം. കോഹ്ലി വിട്ടുനിൽക്കാൻ കാരണം അമ്മ അസുഖബാധിതയായതിനാലാണെന്ന പ്രചാരണം ഉണ്ടായി. എന്നാൽ, ഇത് കുടുംബം നിഷേധിച്ചിരുന്നു.
കോഹ്ലിയും ബോളിവുഡ് നടിയായ അനുഷ്ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും അതിനാലാണ് ഇന്ത്യൻ ടീമിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നുമാണ് തന്റെ യൂട്യൂബ് ചാലനിലൂടെ ഡിവില്യേഴ്സ് വെളിപ്പെടുത്തിയത്.
2017ലാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും വിവാഹിതരായത്. ഇവർക്ക് വമിക എന്നൊരു പെണ്‍കുഞ്ഞുണ്ട്.