കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ പോരാട്ടം ഇന്ന്
Friday, February 2, 2024 1:19 AM IST
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ 13-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ. എവേ പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് കൊന്പന്മാരുടെ എതിരാളികൾ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
സൂപ്പർ കപ്പിനായുള്ള ദീർഘ ഇടവേളയ്ക്കുശേഷം ജനുവരി 31നാണ് ഐഎസ്എൽ പുനരാരംഭിച്ചത്. ഡിസംബർ 27ന് എവേ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ കീഴടക്കിയശേഷം ഐഎസ്എൽ വേദിയിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്ന മത്സരമാണ് ഇന്നത്തേത്. ഈ സീസണിലെങ്കിലും കന്നിക്കിരീടം എന്ന സ്വപ്നം ബ്ലാസ്റ്റേഴ്സ് സഫലമാക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
ലീഗിൽ 12 മത്സരങ്ങളിൽനിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 26 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. എഫ്സി ഗോവയുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്താനുള്ള പോരാട്ടത്തിലാണ് കൊച്ചി ക്ലബ്. 11 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഹൈദരാബാദ് എഫ്സിക്ക് എതിരായ ഇന്നലത്തെ ജയത്തിലൂടെയാണിത്. ഇന്ന് ഒഡീഷ എഫ്സിയെ കീഴടക്കിയാൽ കൊന്പന്മാർക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് ഇരിക്കാം. 12 മത്സരങ്ങളിൽ ഏഴ് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 24 പോയിന്റുണ്ട് ഒഡീഷയ്ക്ക്.
ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഒഡീഷ. അതായത് ഇന്നത്തെ എവേ പോരാട്ടം ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാകില്ല എന്നു ചുരുക്കം. സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന് അതിന്റെ കേടും തീർക്കാനുണ്ട്.
മാറ്റങ്ങൾ പലത്
ഡിസംബറിൽ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് അല്ല ഇപ്പോഴുള്ളത്. പരിക്കേറ്റ് പുറത്തായ പ്ലേമേക്കർ അഡ്രിയാൻ ലൂണയ്ക്കു പകരമായി ലിത്വാനിയയുടെ ക്യാപ്റ്റനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫെഡോർ ചെർണിച്ച് ടീമിനൊപ്പം എത്തി.
സൂപ്പർ കപ്പിനിടെ പരിക്കേറ്റ ഘാന സ്ട്രൈക്കർ ഖ്വാമെ പെപ്രയ്ക്കു പകരമായി നൈജീരിയക്കാരനായ യുവതാരം ജെസ്റ്റിൻ എമ്മാനുവലും ടീമിലെത്തിയിട്ടുണ്ട്.
ഗോകുലം കേരള എഫ്സിക്കു വേണ്ടി ലോണ്‍ അടിസ്ഥാനത്തിൽ കളിക്കാൻ പോയ ജെസ്റ്റിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിക്കുകയായിരുന്നു. അതേസമയം, ബ്രൈസ് മിറാൻഡയെ ലോണ്‍ വ്യവസ്ഥയിലും ബിദ്യാഷാഗർ സിംഗിനെ അല്ലാതെയും പുറത്തേക്കയച്ചു.