ഐസിസി ഏകദിന ക്രിക്കറ്റർ പുരസ്കാരം കോഹ്ലിക്ക്; ക്രിക്കറ്റർ ഓഫ് ദി ഇയർ കമ്മിൻസ്, ടെസ്റ്റ് താരം ഖ്വാജ
Friday, January 26, 2024 4:46 AM IST
ദുബായ്: ഐസിസി പുരുഷ- വനിത ക്രിക്കറ്റർ ഓഫ് ദി ഇയർ 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ നാറ്റ് സിവെറാണ് വനിത ക്രിക്കറ്റർ. ഇന്ത്യയുടെ റണ്‍ മെഷീൻ വിരാട് കോഹ്ലി പുരുഷ ഏകദിന ക്രിക്കറ്ററും ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു വനിതാ ഏകദിന ക്രിക്കറ്റർ അവാർഡും സ്വന്തമാക്കി.
നാലാം തവണയാണ് കോഹ്ലി ഈ അവാർഡ് നേട്ടത്തിലെത്തുന്നത്. പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയറായി ഓസ്ട്രേലിയയുടെ ഉസ്മാൻ ഖ്വാജ തെരഞ്ഞെടുക്കപ്പെട്ടു.
കപ്പിത്താൻ കമ്മിൻസ്
2021ൽ ഓസ്ട്രേലിയയുടെ നായകസ്ഥാനമേറ്റെടുത്ത പാറ്റ് കമ്മിൻസിന് മറക്കാനാവാത്ത നേട്ടങ്ങൾ സമ്മനിച്ച വർഷമാണ് 2023. വേൾഡ് ടെസ്റ്റ് ചാന്പ്യൻഷിപ്പ്, ആഷസ് പരന്പര നേട്ടം, ഏകദിന ലോകകപ്പ് ജയം തുടങ്ങി ക്യാപ്റ്റനെന്ന നിലയിൽ സ്വപ്ന നേട്ടങ്ങൾ. മാതൃകാപരമായി ടീമിനെ നയിക്കുന്ന തന്ത്രശാലിയായ ക്യാപ്റ്റനായ കമ്മിൻസിന്റെ വളർച്ച അതിവേഗമായിരുന്നു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ എതിർ ടീമുകളെ വിറപ്പിച്ച കമ്മിൻസ് 2023 കലണ്ടർ വർഷം 24 മത്സരങ്ങളിൽനിന്നായി 422 റണ്ണും 59 വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാനെതിരേയുള്ള ബോക്സിംഗ് ഡെ ടെസ്റ്റിൽ പത്തു വിക്കറ്റ് കൊയ്തുകൊണ്ടാണ് കമ്മിൻസ് 2023 വർഷത്തെ അവസാന പരന്പര ആഘോഷിച്ചത്.
ടെസ്റ്റർ ഖ്വാജ
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഉസ്മാൻ ഖ്വാജ 2023 വർഷം ടെസ്റ്റിൽ മിന്നും ഫോമിലായിരുന്നു. കലണ്ടർ വർഷം 1000 റണ്‍ തികച്ച ഏക ബാറ്ററും ഖ്വാജയാണ്. 1210 റണ്ണാണ് 13 മത്സരങ്ങളിൽനിന്ന് നേടിയത്. ഇന്ത്യക്കെതിരേ നാല് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമടക്കം 333 റണ്ണടിച്ചെടുത്തു.
കിംഗ് കോഹ്ലി...
ഒരു പതിറ്റാണ്ടായി ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്ന കോഹ്ലിയുടെ നാലാമത് ഐസിസി ഏകദിന ക്രിക്കറ്റർ അവാർഡ് നേട്ടമാണിത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലയേഴ്സാണ് മൂന്നു പ്രാവശ്യം ഈ നേട്ടവുമായി പിന്നിലുള്ളത്. 2023 വേൾഡ് കപ്പിൽ കോഹ്ലി 765 റണ്ണാണ് അടിച്ചെടുത്തത്. വേൾഡ് കപ്പിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന റണ്‍വേട്ടയാണിത്. ടൂർണമെന്റിലെ താരവും കോഹ്ലിയായിരുന്നു. 36 മത്സരങ്ങളിൽനിന്നായി 2048 റണ്ണാണ് 2023 കലണ്ടർ വർഷം കോഹ്ലി നേടിയത്.