ഇന്ത്യ x അഫ്ഗാൻ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്ന്
Wednesday, January 10, 2024 11:46 PM IST
മൊഹാലി: 2024 ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി ഈ ഫോർമാറ്റിൽ ഇന്ത്യക്കുള്ള അവസാന പരന്പരയ്ക്ക് ഇന്നു തുടക്കം. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയിൽ.
വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. 2022 ഐസിസി ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായശേഷം രോഹിത് ശർമയുടെ കീഴിൽ ഇന്ത്യ ഇറങ്ങുന്ന മത്സരംകൂടിയാണ്. 2022നുശേഷം രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.
രോഹിത് - ജയ്സ്വാൾ
ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണർമാർ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ആണെന്ന് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. ഇന്നലെയാണ് ഇക്കാര്യം ദ്രാവിഡ് വ്യക്തമാക്കിയത്. ഇതോടെ ശുഭ്മാൻ ഗിൽ ഓപ്പണിംഗ് റോളിനു പുറത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. ഇടം-വലം കോന്പിനേഷനും ജയ്സ്വാളിന്റെ ഫോമും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് ദ്രാവിഡിന്റെ വിശദീകരണം.
2023 ഐപിഎല്ലിൽ 625 റണ്‍സുമായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ജയ്സ്വാൾ രാജ്യാന്തര ട്വന്റി-20യിലും മികവ് തെളിയിച്ചു. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യക്കായി അരങ്ങേറിയ യശസ്വി 14 ഇന്നിംഗ്സിൽനിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമടക്കം 430 റണ്‍സ് രാജ്യാന്തര ട്വന്റി-20യിൽ നേടിയിട്ടുണ്ട്.
സഞ്ജുവിന്റെ ആരാധകൻ
സഞ്ജു സാംസണിന്റെ ആരാധകനാണ് താനെന്ന് തുറന്നു സമ്മതിച്ച് ദക്ഷിണാഫ്രിക്കൻ മുൻ സൂപ്പർ താരം എബി ഡിവില്യേഴ്സ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി സഞ്ജു കാഴ്ചവയ്ക്കുന്ന പ്രകടനത്തെ പ്രശംസിച്ച ഡിവില്യേഴ്സ്, അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 പരന്പരയിൽ സഞ്ജു ഉൾപ്പെട്ടതിനെ ശരിവയ്ക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20യിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്. യശസ്വി ജയ്സ്വാൾ ഓപ്പണറാകുന്ന പശ്ചാത്തലത്തിൽ ശുഭ്മാൻ ഗിൽ മൂന്നാം നന്പറായേക്കും. വിക്കറ്റ് കീപ്പർ സ്ഥാനം ജിതേഷ് ശർമയ്ക്കാണെങ്കിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന്റെ സ്ഥാനം കുഴപ്പത്തിലാകും.
സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അഭാവത്തിൽ തിലക് വർമയും സഞ്ജുവും മധ്യനിരയിൽ ഉൾപ്പെടാനും സാധ്യതയുണ്ട്. വെടിക്കെട്ടുകാരനായ റിങ്കു സിംഗ് ഏതായാലും ടീമിൽ ഉണ്ടാകുമെന്നുറപ്പാണ്.