മൂന്നും തോറ്റു
Wednesday, January 3, 2024 1:22 AM IST
മുംബൈ: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഓസ്ട്രേലിയയ്ക്കു സന്പൂർണ ജയം. മൂന്നാം ഏകദിനത്തിൽ 190 റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളുടെ പരന്പര 3-0ന് ഓസീസ് നേടി. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 338/7. ഇന്ത്യ 32.4 ഓവറിൽ 148ന് പുറത്ത്.
ഓപ്പണർ ഫോബ് ലിച്ച്ഫീൽഡിന്റെ സെഞ്ചുറി (125 പന്തിൽ 119) ബലത്തിലാണ് ഓസീസ് കൂറ്റൻ സ്കോർ നേടിയത്. 29 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. ജെമിമ റോഡ്രിഗസ് (25), ദീപ്തി ശർമ (25*) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ജോർജിയ വാർഹെം മൂന്നു വിക്കറ്റ് വീഴ്ത്തി. അലാന കിംഗ്, അനാബെൽ സതർലൻഡ്, മെഗൻ ഷൂട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
റിക്കാർഡ് പലത്
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കു വേണ്ടി ഓപ്പണർമാരായ ലിച്ച്ഫീൽഡും ക്യാപ്റ്റൻ അലിസ ഹീലിയും (82) ഒന്നാം വിക്കറ്റിൽ 189 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഇന്ത്യക്കെതിരായ ഓസ്ട്രേലിയൻ വനിതകളുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ഇന്ത്യക്കെതിരേ ഓസ്ട്രേലിയ നേടുന്ന ഏറ്റവും വലിയ സ്കോറാണ് 338/7.
ഒരു വിക്കറ്റിന് 189 എന്ന ശക്തമായ നിലയിൽ നിന്ന ഓസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ച പെട്ടെന്നായിരുന്നു. നാലിന് 216ലേക്ക് ഓസീസ് വീണു. മൂന്നു വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലാണ് ഓസീസ് മധ്യനിരയിൽ നാശം വിതച്ചത്. ദീപ്തി ശർമ ഏകദിന ക്രിക്കറ്റിലെ ന100 വിക്കറ്റ് തികച്ചു.