കെ.എൽ. രാഹുലിനും എൽഗറിനും സെഞ്ചുറി
Wednesday, December 27, 2023 11:33 PM IST
സെഞ്ചൂറിയൻ: കെ.എൽ. രാഹുലിന്റെ സെഞ്ചുറിക്ക് ഡീൻ എൽഗറിലൂടെ ദക്ഷിണാഫ്രിക്കൻ മറുപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലിന്റെ (101) സെഞ്ചുറി ബലത്തിൽ ഇന്ത്യ 245 റണ്‍സ് നേടി. 38 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക വെളിച്ചക്കുറവിനെ തുടർന്ന് രണ്ടാംദിനം മത്സരം നിർത്തുന്പോൾ 66 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എടുത്തു.
സെഞ്ചുറി നേടിയ ഡീൻ എൽഗറാണ് (140 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കൻ പോരാട്ടം നയിച്ചത്. ഡേവിഡ് ബെഡിങ്ഗം (56) അർധസെഞ്ചുറി സ്വന്തമാക്കി. അഞ്ച് വിക്കറ്റ് കൈയിലിരിക്കേ 11 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആതിഥേയർക്കായി.
എട്ട് വിക്കറ്റിന് 208 എന്ന നിലയിലാണ് രണ്ടാംദിനമായ ഇന്നലെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 70 റണ്‍സുമായി ക്രീസിൽ തുടർന്ന രാഹുൽ നേരിട്ട 133-ാം പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ടെസ്റ്റിൽ രാഹുലിന്റെ ഏഴാം സെഞ്ചുറിയാണ്.
രാഹുൽ നേട്ടം
ടെസ്റ്റ് ക്രിക്കറ്റിൽ കെ.എൽ. രാഹുൽ നേടിയ ഏഴ് സെഞ്ചുറിയിൽ ആറും വിദേശത്താണ്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഏഷ്യക്ക് പുറത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയതിൽ അജിങ്ക്യ രഹാനെയ്ക്ക് ഒപ്പം (6) രണ്ടാം സ്ഥാനത്തും രാഹുൽ എത്തി. വിരാട് കോഹ്ലിയാണ് (13) ഈ പട്ടികയിൽ ഒന്നാമത്.
സെഞ്ചൂറിയനിൽ രാഹുലിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്. ഈ വേദിയിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ സന്ദർശക ബാറ്ററാണ് രാഹുൽ. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒന്നിലധികം സെഞ്ചുറിയുള്ള മൂന്ന് ഇന്ത്യൻ ബാറ്റർമാരിൽ ഒരാളുമായി രാഹുൽ. സച്ചിൻ തെണ്ടുൽക്കർ (5), വിരാട് കോഹ്ലി (2) എന്നിവരാണ് മറ്റു രണ്ട് ഇന്ത്യൻ താരങ്ങൾ.