ഇലക്ട്രാ സ്റ്റംപ്
Saturday, December 23, 2023 1:01 AM IST
മെൽബൺ: ഇലക്ട്രാ സ്റ്റംപ് അവതരിപ്പിച്ച് ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ്. മൈതാനത്ത് നടക്കുന്ന അഞ്ച് കാര്യങ്ങൾ സ്റ്റംപ് തെളിയുന്പോൾ അറിയാനാകും. പുറത്താകൽ, ഫോർ, സിക്സ്, നോബോൾ, ഓവർ മാറ്റങ്ങൾ എന്നിവയ്ക്കു വ്യത്യസ്തമായ നിറങ്ങൾ സ്റ്റംപിൽ തെളിയും.
ബാറ്റർ പുറത്താകുന്പോൾ മൂന്നു കുറ്റികളും ചുവപ്പായി തീപിടിച്ചതുപോലെ തെളിയും. ബൗണ്ടറിയാണെങ്കിൽ സ്റ്റംപുകളിൽ വ്യത്യസ്ത നിറങ്ങൾ ഒന്നിനുപുറകെ ഒന്നായി ഫ്ളാഷ് ചെയ്യും. സിക്സാണെങ്കിൽ, നിറങ്ങൾ സ്ക്രോൾ ചെയ്യും.
നോബോളാണെങ്കിൽ ചുവപ്പും വെളുപ്പും, ഓവർ പൂർത്തിയാക്കുന്പോൾ പർപ്പിളും ബ്ലൂവും തെളിയും. വനിതാ ബിഗ് ബാഷ് ലീഗിലും ഈ സ്റ്റംപുകൾ ഉപയോഗിച്ചിരുന്നു.