ജൂണിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
Wednesday, December 13, 2023 1:33 AM IST
ക്വലാലംപുർ: 2023 എഫ്ഐഎച്ച് (ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ) പുരുഷ ജൂണിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ഇന്ത്യയുടെ അണ്ടർ 21 യുവാക്കൾ ക്വാർട്ടറിൽ നെതർലൻഡ്സിനെ കീഴടക്കിയാണ് അവസാന നാലിൽ ഇടംപിടിച്ചത്.
ഏഴ് ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 4-3നായിരുന്നു ഇന്ത്യയുടെ ജയം. 2-0നു പിന്നിലായശേഷമാണ് ഇന്ത്യ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. ജൂണിയർ ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം സെമി പ്രവേശമാണ്.
ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ നെതർലൻഡ്സും തങ്ങളുടെ ക്വാളിറ്റി വെളിപ്പെടുത്തുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. അഞ്ചാം മിനിറ്റിൽ ടിമൊ ബൊയേഴ്സ് ഡച്ച് സംഘത്തിനു ലീഡ് നൽകി.
16-ാം മിനിറ്റിൽ പെപിജൻ വാൻഡെർ ഹെയ്ഡെൻ നെതർലൻഡ്സിന്റെ ലീഡ് 2-0 ആക്കി. എന്നാൽ, രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ നേടി ആദിത്യ അർജുൻ ലാലാഗെയും (34’), അരജീത് സിംഗ് ഹുണ്ടലും (35’) ഇന്ത്യയെ ഒപ്പമെത്തിച്ചു. 44-ാം മിനിറ്റിൽ ഓറഞ്ച് സംഘം മൂന്നാം ഗോളിലൂടെ വീണ്ടും ലീഡിൽ. ഒലിവിയർ ഹോർട്ടെൻസിയസ് ആയിരുന്നു ഗോൾ നേട്ടക്കാരൻ.
സൗരഭ് ആനന്ദ് കുശ്വാഹയും (52’) ക്യാപ്റ്റൻ ഉത്തം സിംഗും (57’) നേടിയ ഗോളിൽ 4-3ന്റെ ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി.
ഇന്ത്യ x ജർമനി സെമി
സെമിയിൽ കരുത്തരായ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ. 2021ൽ സെമിയിൽ ജർമനിയോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ പുറത്തായത്. ആ കണക്ക് തീർക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ 4-2ന് ഇന്ത്യയെ സെമിയിൽ കീഴടക്കിയായിരുന്നു ജർമനിയുടെ ഫൈനൽ പ്രവേശം. രണ്ട് തവണ (2001, 2016) ലോക ചാന്പ്യൻ പട്ടം കരസ്ഥമാക്കിയിന്റെയും 1997ൽ ഫൈനലിൽ പ്രവേശിച്ചതിന്റെയും ചരിത്രം ഇന്ത്യക്കുണ്ട്.
എട്ട് തവണ ഫൈനലിൽ കളിച്ച ജർമനി ആറ് തവണ ലോക ചാന്പ്യന്മാരായിട്ടുണ്ട്. 2021 ഫൈനലിലെ തോൽവിക്കുള്ള പ്രതികാരം വീട്ടി, അർജന്റീനയെ 1-2നു കീഴടക്കിയാണ് ജർമനി ഇത്തവണ സെമിയിൽ പ്രവേശിച്ചത്. 2021 ഫൈനലിൽ അർജന്റീന 4-2നു ജർമനിയെ കീഴടക്കി ചാന്പ്യന്മാരായിരുന്നു.