റിക്കാർഡ് ജയവുമായി ഫ്രാൻസ്
Monday, November 20, 2023 12:58 AM IST
നീസ് (ഫ്രാൻസ്): പുരുഷ ഫുട്ബോൾ ചരിത്രത്തിലെ റിക്കാർഡ് ജയവുമായി ഫ്രാൻസ്. യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ബി മത്സരത്തിൽ പത്തുപേരുമായി കളിച്ച ജിബ്രാൾട്ടറിനെ എതിരില്ലാത്ത 14 ഗോളിനു പരാജയപ്പെടുത്തി. ഗ്രൂപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ ഏഴാം ജയമാണ്.
കിലിയൻ എംബപ്പെ (3’, 74’, 82’) ഹാട്രിക് നേടിയപ്പോൾ കിംഗ്സ്ലി കോമനും (36’, 65’), ഒലിവിയെ ജിറുവും (89’, 90+1’) ഇരട്ട ഗോൾ സ്വന്തമാക്കി. മാർകസ് തുറാം (4’), വാരൻ സെയ്ർ എമെറെ (16’), ജൊനാഥൻ ക്ലോസ് (34’), യൂസഫ് ഫെഫാന (37’), അഡ്രിയാൻ റാബിയോ (63’) എന്നിവരാണ് മറ്റു സ്കോർമാർ. ഏഥൻ സാന്േറാസിന്റെ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് തുടങ്ങിയത്. യൂറോ ചാന്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിലെ ഏറ്റവും വലിയ ജയമാണിത്. 2006ൽ ജർമനി 13-0ന് സാൻ മരിനോയ്ക്കെതിരേ നേടിയ ജയത്തിന്റെ റിക്കാർഡാണ് തിരുത്തിത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് 1-0ന് അയർലൻഡിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനക്കാരായി ഫൈനൽസിനു യോഗ്യത നേടി. ഗ്രൂപ്പ ഐയിൽനിന്ന് റൊമാനിയയ്ക്കു പുറമെ സ്വിറ്റസർലൻഡും യോഗ്യത നേടി. ഗ്രൂപ്പ് ഡിയിൽ അടുത്ത മത്സരത്തിൽ ജയിച്ചാൽ ക്രൊയേഷ്യക്കു യോഗ്യത നേടാം.