വാങ്കഡെ: 1429*
Wednesday, November 15, 2023 2:44 AM IST
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതുവരെ നടന്നതു നാലു ലീഗ് മത്സരങ്ങൾ. ഈ നാലു മത്സരങ്ങളിലെ ഒന്നാം ഇന്നിംഗ്സിൽ മാത്രമായി പിറന്നത് 1429 റണ്‍സ്, രണ്ടാം ഇന്നിംഗ്സിൽ 751 മാത്രവും.
ഒരു ഡബിൾ സെഞ്ചുറി ഉൾപ്പെടെ അഞ്ച് ശതകം നാലു മത്സരങ്ങളിലായി വാങ്കഡെയിൽ പിറന്നു. ഇന്ത്യയും ശ്രീലങ്കയും ഈ മാസം രണ്ടിന് ഏറ്റുമുട്ടിയ മത്സരത്തിൽ മാത്രമാണ് വാങ്കഡെയിൽ സെഞ്ചുറി യില്ലാതിരുന്നത്.
ലങ്കയ്ക്കെതിരേ 92 റണ്‍സിൽ ശുഭ്മൻ ഗില്ലും 88 റണ്‍സിന് വിരാട് കോഹ്ലിയും 82 റണ്‍സിന് ശ്രേയസ് അയ്യറും പുറത്തായി. 18 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും 80 റണ്‍സിന് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ലങ്കയുടെ ദിൽഷൻ മധുശങ്കയും അന്നു ബൗളിംഗിൽ തിളങ്ങി.
വാങ്കഡെയിൽ നടന്ന നാല് ലോകകപ്പ് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം 250 കടന്നത് അഫ്ഗാനിസ്ഥാനെതിരേ ഓസ്ട്രേലിയ മാത്രമാണ്. ഗ്ലെൻ മാക്സ്വെല്ലിന്റെ 201 നോട്ടൗട്ട് ഇന്നിംഗ്സായിരുന്നു ആ ജയത്തിന്റെ ആണിക്കല്ല്.