ഓസീസിന് റിഹേഴ്സൽ
Saturday, November 11, 2023 12:03 AM IST
പൂന: ചാന്പ്യൻസ് ട്രോഫി യോഗ്യതയ്ക്കായി ബംഗ്ലാദേശും തുടർ ജയവുമായി ഏകദിന ലോകകപ്പ് സെമിയിലേക്കുള്ള പ്രവേശനം ഗംഭീരമാക്കാൻ ഓസ്ട്രേലിയയും ഇന്നിറങ്ങും. പൂനയിൽ രാവിലെ 10.30 മുതൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം.
ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവികൾക്കുശേഷം തുടർച്ചയായ ആറു ജയങ്ങൾ നേടിയാണ് ഓസീസിന്റെ സെമിപ്രവേശം. ബംഗ്ലാദേശാകട്ടെ തുടർച്ചയായ ആറു തോൽവികൾക്കുശേഷം ശ്രീലങ്കയെ തോൽപ്പിച്ച് വിജയവഴിയിൽ തിരിച്ചെത്തി. ചാന്പ്യൻസ് ട്രോഫിക്കു യോഗ്യത നേടുന്ന ആദ്യ എട്ടു സ്ഥാനങ്ങളിലൊന്നിൽ ഇടംപിടിക്കണം. നിലവിൽ എട്ടാമതാണ് ബംഗ്ലാദേശ്.
സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്റെ ഡ്രസ് റിഹേഴ്സലായതിനാൽ, ഓസ്ട്രേലിയ ബംഗ്ലാദേശിനെതിരായ മത്സരത്തെ വിലകുറച്ചു കാണുന്നില്ല. ഏറ്റവും മികച്ച ലൈനപ്പിനെയാകും ഇന്നിറക്കുക. കളിക്കാരുടെ സ്ഥിരതയില്ലായ്മയാണ് ഓസ്ട്രേലിയയുടെ പ്രധാന പ്രശ്നം.
ബംഗ്ലാദേശിനാകട്ടെ കളിക്കാരേക്കാൾ പുറത്തുള്ളവരാണു പ്രശ്നക്കാർ. ഫാസ്റ്റ് ബൗളിംഗ് കോച്ച് അലൻ ഡൊണാൾഡും കംപ്യൂട്ടർ അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരനും കരാർ പുതുക്കുന്നില്ലെന്ന് അറിയിയിച്ചുണ്ട്.
എയ്ഞ്ചലോ മാത്യുസിന് ടൈംഡ് ഔട്ടിൽ പുറത്താക്കിയതിൽ ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനെ വിമർശിച്ചതിൽ അലൻ ഡൊണാൾഡിനോടു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണു ടീമിനെ ഉപേക്ഷിക്കാൻ ഡൊണാൾഡ് തീരുമാനിച്ചതെന്നാണു സൂചന.