പാരാ ഗെയിംസ്: ഇന്ത്യക്ക് ചരിത്ര നേട്ടം
Friday, October 27, 2023 1:48 AM IST
ഹാങ്ഝൗ: ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മേഡൽ വേട്ടയുമായി ഇന്ത്യൻ താരങ്ങൾ ഹാങ്ഝൗ പാരാ ഗെയിംസിൽ തകർത്താടുന്നു. ഷൂട്ടിംഗിൽ സ്വർണം നേടിയ സിദ്ധാർഥ് ബാബു അടക്കം കേരളത്തിൽനിന്നും മെഡൽ പങ്കാളിത്തമുണ്ടായി.
മിക്സഡ് 50 മീറ്റർ റൈഫിൾ പ്രോണിൽ സിദ്ധാർഥ് ബാബു ഇന്നലെ സ്വർണം വെടിവച്ചിട്ടു. ഇന്ത്യൻ താരങ്ങൾ ഇന്നലെ മൂന്ന് സ്വർണം സ്വന്തമാക്കി. 15 വെങ്കലവും ഇന്നലെ ഇന്ത്യൻ അക്കൗണ്ടിലെത്തി.
18 സ്വർണം, 23 വെള്ളി, 41 വെങ്കലം എന്നിങ്ങനെ 82 മെഡലാണ് ഇന്ത്യക്കുള്ളത്. 2018ൽ ജക്കാർത്തയിൽ നേടിയ 15 സ്വർണം, 24 വെള്ളി, 33 വെങ്കലം എന്നിങ്ങനെ 72 മെഡലായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള റിക്കാർഡ്.