സ്പെയിന്, തുര്‍ക്കി, സ്കോട്ട്ലന്‍ഡ് യൂറോയ്ക്ക്
Tuesday, October 17, 2023 2:50 AM IST
ഓസ്ലോ: 2024 യൂറോ കപ്പ് ഫുട്ബോളിന് സ്പെയിനും സ്കോട്ട്ലൻഡും തുർക്കിയും യോഗ്യത നേടി. ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തിൽ സ്പെയിൻ 1-0നു നോർവെയെ തോൽപ്പിച്ചു. പാബ്ളോ ഗാവിയാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്.
ഇതോടെ മുൻ ചാന്പ്യൻമാരായ സ്പെയിനിനൊപ്പം സ്കോട്ട്ലൻഡും യോഗ്യത നേടി. ഇരുടീമിനും 15 പോയിന്റ് വീതമാണ്. സ്പെയിൻ ഒന്നാമതും സ്കോട്ട്ലൻഡ് രണ്ടാമതുമാണ്. ഗ്രൂപ്പിൽ ഇരുടീമുകൾക്കും രണ്ടു മത്സരങ്ങൾ കൂടിയുണ്ട്.
സ്കോട്ട്ലൻഡിന് യോഗ്യത ഉറപ്പാക്കാൻ സ്പെയിനിനെതിരേ നോർവെയുടെ തോൽവി മതിയായിരുന്നു. ഈ തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡിന്റെ നോർവെയ്ക്ക് ജർമനിയിലേക്കുള്ള വഴിയടഞ്ഞു.
ഗ്രൂപ്പ് ഡിയിൽനിന്ന് തുർക്കി 16 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാമതായി യോഗ്യത നേടി. ഏഴാം മത്സരത്തിൽ തുർക്കി 4-0ന് ലാത്വിയയെ തകർത്തു. ഗ്രൂപ്പിലെ ശക്തരായ ക്രൊയേഷ്യയെ 2-1ന് വെയ്ൽസ് തോൽപ്പിച്ച് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി.
ഹാരി വിൽസണാണ് രണ്ടു ഗോളും വെയ്ൽസിനായി നേടിയത്. പത്ത് പോയിന്റ് വീതമാണ് ക്രൊയേഷ്യയും വെയ്ൽസും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഗ്രൂപ്പിൽ ഇരുടീമിനും രണ്ടു മത്സരങ്ങൾ കൂടിയുണ്ട്.
ഗ്രൂപ്പ് ഐയിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ ബലാറൂസ് 3-3ന് സമനിലയിൽ കരുക്കി. 15 പോയിന്റുമായി സ്വിസ് ടീം രണ്ടാമതാണ്. ഒന്നാം സ്ഥാനത്തുള്ള റൊമാനിയ 4-0ന് അൻഡോറയെ പരാജയപ്പെടുത്തി.