ഗില്ലില്ല...
Tuesday, October 10, 2023 1:05 AM IST
ന്യൂഡൽഹി: ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് സംബന്ധിച്ച വിവരം ഇന്ത്യൻ ടീം വൃത്തങ്ങൾ പുറത്തുവിട്ടു. ടീം ഇന്ത്യക്കും ആരാധകർക്കും ശുഭകരമല്ലാത്ത വാർത്തയാണ് വന്നിരിക്കുന്നത്. നാളെ ബംഗ്ലാദേശിനെതിരായ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനും ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ല.
അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിനായി ഇന്നലെ ഡൽഹിയിലെത്തിയ ഇന്ത്യൻ ടീമിനൊപ്പം ശുഭ്മാൻ ഗിൽ യാത്ര ചെയ്തില്ല. ഗിൽ നിലവിൽ ചെന്നൈയിലാണ്. നാളെ ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടം.
സമീപനാളിൽ മികച്ച ഫോമിൽ ബാറ്റ് ചലിപ്പിച്ച ഗിൽ, ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഗില്ലിന്റെ അഭാവത്തിൽ നാളെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇഷാൻ കിഷൻ ഇന്ത്യയുടെ ഓപ്പണിംഗ് റോളിലെത്തും. ഓസ്ട്രേലിയയ്ക്കെതിരായ ചെന്നൈയിലെ മത്സരത്തിൽ ഇഷാൻ ഗോൾഡൻ ഡക്കായിരുന്നു.