മെഡൽ കൊയ്ത്ത്...അത്ലറ്റിക്സിൽ രണ്ട് സ്വർണം ഉൾപ്പെടെ ഇന്നലെ ഒന്പത് മെഡൽ
Monday, October 2, 2023 1:21 AM IST
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇന്നലെ മെഡൽ ദിനം. അത്ലറ്റിക്സിൽ രണ്ടു സ്വർണം ഉൾപ്പെടെ ഒന്പതു മെഡൽ ഇന്ത്യൻ താരങ്ങൾ ഇന്നലെ സ്വന്തമാക്കി. മലയാളി താരങ്ങളായ മുരളി ശ്രീശങ്കർ, ജിൻസണ് ജോണ്സണ് എന്നിവരും മെഡലണിഞ്ഞു.
ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ കൊയ്ത്താണ് ഇന്നലെ നടന്നത്. മൂന്നു സ്വർണം, ഏഴു വെള്ളി, അഞ്ചു വെങ്കലം എന്നിങ്ങനെ ഇന്ത്യ ഇന്നലെ 15 മെഡൽ സ്വന്തമാക്കി.
പുരുഷ ലോംഗ്ജംപിൽ ശ്രീശങ്കർ 8.19 മീറ്റർ ദൂരം ക്ലിയർ ചെയ്ത് വെള്ളി സ്വന്തമാക്കി. പുരുഷന്മാരുടെ 1500 മീറ്ററിലായിരുന്നു ജിൻസണ് ജോണ്സണിന്റെ വെങ്കലം. ഈയിനത്തിൽ ഇന്ത്യയുടെ അജയ് കുമാർ സരോജ് വെള്ളിയും നേടിയതോടെ ഇന്ത്യ ഇരട്ട മെഡൽ നേട്ടം കൈവരിച്ചു.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ഏഷ്യൻ ഗെയിംസ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിലെത്തിയ ആദ്യ സ്വർണമായിരുന്നു സാബ്ലെയുടേത്. പുരുഷ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗ് തോറും ഇന്ത്യക്കായി സ്വർണമണിഞ്ഞു.
പുരുഷ ടീം ട്രാപ്പ് ഷൂട്ടിംഗിലൂടെയായിരുന്നു ഇന്നലെ ഇന്ത്യയുടെ ആദ്യ സ്വർണം. വനിതാ ടീം ട്രാപ്പ് ഷൂട്ടിൽ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. വനിതാ ഗോൾഫിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡൽ നേടുന്നതിനും ഗെയിംസിന്റെ എട്ടാംദിനം സാക്ഷ്യംവഹിച്ചു. അദിതി അശോക് ഗോൾഫിൽ ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി.
ആദ്യ മൂന്നു റൗണ്ടിലും അദിതിയായിരുന്നു ഒന്നാമത്. എന്നാൽ, അവസാന റൗണ്ടിൽ അടിപതറിയതോടെ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം, വനിതാ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാർരാജി ഇന്ത്യക്കായി ചരിത്ര മെഡൽ നേടി. ഫൗൾ സ്റ്റാർട്ട് റിവ്യൂവിനു ശേഷമായിരുന്നു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജ്യോതിയുടെ മെഡൽ വെള്ളിയായി പരിഷ്കരിച്ചത്.