മാർച്ച് 31ന് ഐപിഎൽ കൊടിയേറ്റം
Friday, February 17, 2023 11:46 PM IST
മുംബൈ: 2023 സീസണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടചിത്രം പുറത്ത്. 2023 സീസണ് ഐപിഎല്ലിന് മാർച്ച് 31ന് കൊടിയുയരും.
നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ അഹമ്മദാബാദിലാണ് ഉദ്ഘാടനമത്സരം. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടാണ് അഹമ്മദാബാദ്. മേയ് 28നാണ് ഫൈനൽ അരങ്ങേറുക. ഫൈനൽ, സെമി ഉൾപ്പെടെയുള്ള പ്ലേ ഓഫ് പോരാട്ടങ്ങളുടെ ഫിക്സ്ചർ പുറത്തുവിട്ടിട്ടില്ല.
ഹോം, എവേ
കഴിഞ്ഞ സീസണിൽ മുംബൈ, പൂന, അഹമ്മദാബാദ് എന്നിങ്ങനെ മൂന്നു വേദികളിലായി നടത്തിയ ഐപിഎൽ, ഇത്തവണ ഹോം എവേ രീതിയിലായിരിക്കും അരങ്ങേറുക. ഓരോ ടീമിനും ഏഴ് ഹോം മത്സരവും അത്രതന്നെ എവേ പോരാട്ടവും ഉണ്ടാകും. അതായത് ഓരോ ടീമിനും 14 മത്സരങ്ങൾ വീതം.
12 വേദികൾ
ഹോം എവേ രീതിയിൽ മത്സരം അരങ്ങേറുന്നതോടെ 10 ടീമുകളുടെയും തട്ടകത്തിൽ മത്സരങ്ങൾ അരങ്ങേറും എന്ന് ഉറപ്പാണ്. എന്നാൽ, ലീഗ് റൗണ്ടിൽ 12 വേദികളിൽ മത്സരങ്ങളുണ്ട്.
മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ഗോഹട്ടിയിലാണ്. തുടർന്നുള്ള ഹോം മത്സരങ്ങൾ ജയ്പുരിൽ അരങ്ങേറും. പഞ്ചാബ് കിംഗ്സിന്റെ ആദ്യ അഞ്ച് ഹോം മത്സരങ്ങൾ മൊഹാലിയിലും പിന്നീടുള്ള രണ്ട് എണ്ണം ധർമശാലയിലുമാണ്.
രാജസ്ഥാൻ റോയൽസിന്റെ ആദ്യമത്സരം സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ഏപ്രിൽ രണ്ടിനാണ്. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് അതേദിവസം രാത്രി 7.30ന് വിരാട് കോഹ്ലിയുടെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ നേരിടും.
രണ്ടു മത്സരങ്ങൾ അരങ്ങേറുന്ന ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30നും രാത്രി 7.30നും പോരാട്ടങ്ങൾ ആരംഭിക്കും. 2023 ഐപിഎൽ ലീഗ് റൗണ്ടിൽ 18 ദിവസങ്ങളിൽ ഇരട്ട മത്സരങ്ങൾ ഉണ്ട്. ഏപ്രിൽ ഒന്നിനാണ് ആദ്യമായി ഇരട്ട മത്സരം അരങ്ങേറുക. അന്ന് പഞ്ചാബ് കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മൊഹാലിയിൽ 3.30നും ലക്നോ സൂപ്പർ ജയ്ന്റ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ ലക്നോയിൽ രാത്രി 7.30നും മത്സരമുണ്ട്.
52 ദിനം, 70 മത്സരങ്ങൾ...
ലീഗ് റൗണ്ടിൽ ആകെ 70 മത്സരങ്ങളാണുള്ളത്. 52 ദിനങ്ങളിലായി 70 മത്സരങ്ങളും പൂർത്തിയാകും. ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ബംഗളൂരുവിലാണ് ലീഗ് റൗണ്ടിലെ അവസാനമത്സരം. മേയ് 21നാണ് ലീഗ് റൗണ്ട് അവസാനിക്കുക. മേയ് ആറിന് മുംബൈയും ചെന്നൈയും തമ്മിലുള്ള മത്സരമാണ് ഐപിഎല്ലിലെ 1000-ാമത് പോരാട്ടം.
കഴിഞ്ഞ സീസണിലേതുപോലെ രണ്ട് ഗ്രൂപ്പ് തിരിച്ചാണ് ലീഗ് റൗണ്ട്. ഗ്രൂപ്പിലെ എല്ലാം ടീമുകളും തമ്മിൽ രണ്ട് തവണ വീതം ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലും ബിയിലും നേർക്കുനേർ ഉള്ള ടീമുകൾ തമ്മിലും രണ്ടുമത്സരം വീതമുണ്ട്. ശേഷിക്കുന്ന എതിർ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ തവണയും ഏറ്റുമുട്ടും.
ഗ്രൂപ്പ് എ
മുംബൈ
കോൽക്കത്ത
രാജസ്ഥാൻ
ഡൽഹി
ലക്നോ
ഗ്രൂപ്പ് ബി
ചെന്നൈ
ബംഗളൂരു
ഗുജറാത്ത്
പഞ്ചാബ്
ഹൈദരാബാദ്