സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇഞ്ചുറി ടൈം ഗോളിൽ ജയം
Friday, February 10, 2023 11:16 PM IST
ഭുവനേശ്വർ: നിലവിലെ ചാന്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ജയത്തോടെ പോരാട്ടം ആരംഭിച്ചു.
ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിൽ കേരളം 3-2ന് ഗോവയെയാണു തോൽപ്പിച്ചത്. സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയ ഒ.എം. ആസിഫ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലായിരുന്നു കേരളത്തിന്റെ ജയം.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗിൽബർട്ട് കേരളത്തിനു ലീഡ് നൽകി. 57-ാം മിനിറ്റിൽ റിസ്വാൻ അലി രണ്ടാം ഗോളിലൂടെ ലീഡ് ഉയർത്തി.
എന്നാൽ, മുഹമ്മദ് ഫഹീസിന്റെ (60’, 73’) ഇരട്ടഗോളിലൂടെ ഗോവ 2-2ന് ഒപ്പമെത്തി. മത്സരം സമനിലയിൽ കലാശിക്കുമെന്നു തോന്നിച്ച സമയത്ത് ഒ.എം. ആസിഫിന്റെ (90+1’) ഗോളെത്തി. 74-ാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനു പകരമായാണ് ഒ.എം. ആസിഫ് ഇറങ്ങിയത്.
ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ പഞ്ചാബും കർണാടകയും 2-2 സമനിലയിലും മഹാരാഷ്ട്രയും ആതിഥേയരായ ഒഡീഷയും 1-1 സമനിലയിലും പിരിഞ്ഞു.
ഞായറാഴ്ച കർണാടകയ്ക്കെതിരേയാണു കേരളത്തിന്റെ അടുത്ത മത്സരം. ഗ്രൂപ്പിൽ ആദ്യരണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്കു മുന്നേറും.