മന്ത്രീ; കായികതാരങ്ങളെ പട്ടിണിക്കിടരുത്
Thursday, January 19, 2023 11:48 PM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കായികമന്ത്രിയുടെ ശ്രദ്ധയ്ക്ക്. സംസ്ഥാനത്തിനുവേണ്ടി പോരാട്ടത്തിനിറങ്ങേണ്ട കായികതാരങ്ങളെ പട്ടിണിക്കിടരുത്. കേരളാ കായികരംഗത്തിനു ദേശീയ, അന്തർദേശീയ തലങ്ങളിൽ മിന്നും നേട്ടം സ്വന്തമാക്കേണ്ട കായികതാരങ്ങൾ തങ്ങളുടെ ആഹാരക്കാശിനായി കാത്തിരിപ്പു തുടങ്ങിയിട്ട് ഏഴുമാസം പിന്നിട്ടു.
സംസ്ഥാന കായികരംഗത്തെ ഉന്നതപരിശീലനം നടത്താനായി എയ്ഡഡ് കോളജുകളോടും സ്കൂളുകളോടും അനുബന്ധിച്ചുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ പരിശീലനം നടത്തുന്ന 2000ത്തോളം കായികതാരങ്ങളുടെ ദിവസബാറ്റാ നല്‍കിയിട്ട് മാസങ്ങൾ പിന്നിട്ടു. ഈ അധ്യയനവർഷത്തെ ക്ലാസുകൾ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ അവസ്ഥ.
സ്പോർട്സ് കൗണ്‍സിലിൽനിന്നാണ് ഇതിനായി ഫണ്ട് നല്‍കേണ്ടത്. ഒരു കായികതാരത്തിന് പ്രതിദിനം 250 രൂപ എന്ന നിരക്കിലാണ് ഭക്ഷണത്തിനായി ബാറ്റ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോളജ് തലത്തിൽ എയ്ഡഡ് കോളജുകളോടനുബന്ധിച്ച് 50ൽ കൂടുതൽ സ്പോർട്സ് ഹോസ്റ്റലുകളും സ്കൂൾ തലത്തിൽ 50ൽ താഴെ ഹോസ്റ്റലുകളുമാണുള്ളത്. മാസങ്ങളായി വിദ്യാർഥികളുടെ ഭക്ഷണ അലവൻസ് നല്‍കാത്തതിനു കാരണമെന്താണെന്നു മാത്രം വ്യക്തതയില്ല.
കഴിഞ്ഞ അധ്യയനവർഷം വരെ വിദ്യാർഥികളുടെ ഹാജർനില ഓരോ ഹോസ്റ്റലിൽനിന്നും വാങ്ങിയ ശേഷം അത് ജില്ലാ സ്പോർട്സ് കൗണ്‍സിൽ മുഖേന സംസ്ഥാന സ്പോർട്സ് കൗണ്‍സിലിലേക്ക് അയയ്ക്കുകയും അവിടെനിന്നു പണം അനുവദിച്ച് കോളജിലെ സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് നല്‍കുകയുമായിരുന്നു. എന്നാൽ, ഈ അധ്യയനവർഷം ആദ്യഘട്ടത്തിൽ, സ്പോർട്സ് കൗണ്‍സിൽ 2022 മാർച്ച് 25ന് ഇറക്കിയ ഉത്തരവ് പ്രകാരം വിദ്യാർഥികളുടെ ഹാജരിനോടൊപ്പം പച്ചക്കറി, മുട്ട ഉൾപ്പെടെ ഹോസ്റ്റലിലേക്ക് വാങ്ങുന്ന സാധനങ്ങളുടെ ജിഎസ്ടി ബില്ലും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന നിർദേശം വന്നു.
എയ്ഡഡ് കോളജുകളിലെ പ്രധാന ഹോസ്റ്റലുകളിൽ മറ്റു വിദ്യാർഥികൾക്കൊപ്പമാണ് സ്പോർട്സ് ഹോസ്റ്റൽ കുട്ടികൾക്കുമുള്ള ഭക്ഷണശാല. അവിടെ എല്ലാ വിദ്യാർഥികൾക്കുമായി വാങ്ങുന്ന സാധനങ്ങളുടെ ബിൽ ആണ് ലഭിക്കുന്നത്.
സ്പോർട്സ് ഹോസ്റ്റലിൽ പരമാവധി മുപ്പതോ അതിൽ താഴെയോ വിദ്യാർഥികളാവും ഉണ്ടാവുക. ഇവർക്കു മാത്രമായി പ്രത്യേക ബില്ല് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഹോസ്റ്റലിൽ സാധനങ്ങൾ വാങ്ങുന്നതിന്റെ ആകെ ബില്ല് പല സ്പോർട്സ ഹോസ്റ്റലുകളും കൗണ്‍സിലിൽ ഹാജരാക്കി. എന്നാൽ, ഇതു സ്പോർട്സ് കൗണ്‍സിൽ അംഗീകരിച്ചില്ല.
കായികാധ്യാപകർ ഇക്കാര്യം കായികമന്ത്രിയെ ധരിപ്പിച്ച തോടെ ഡിസംബർ 28 ന് ഇറക്കിയ ഉത്തരവനുസരിച്ച് വിദ്യാർഥികളുടെ ഹാജർ പരിശോധിച്ച് ഭക്ഷണ അലവൻസ് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടു. എന്നാൽ, ഇതുവരെ ഇതു ലഭിച്ചിട്ടില്ല.
മാസങ്ങളായി പണം ലഭിക്കാതെ വന്നതോടെ കായികാധ്യാപകരും ഏറെ പ്രതിസന്ധിയിലായി. ശരാശരി 30 വിദ്യാർഥികൾ പരിശീലനം നടത്തുന്ന ഒരു സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷണ അലവൻസ് പ്രതിദിനം 7500 രൂപയാണ് ലഭിക്കേണ്ടത്. ഒരു മാസം ഇത് 2.25 ലക്ഷം രൂപ.
ഇത്തരത്തിൽ ഏഴു മാസത്തെ പണമായി ലക്ഷങ്ങളാണ് കുടിശികയായിട്ടുള്ളത്. ഇപ്പോൾ എട്ടാം മാസത്തിലേക്ക് പ്രവേശിച്ചു. പല കായികാധ്യാപകരും കടം വാങ്ങിയും കാന്റീനിൽ കടം പറഞ്ഞുമാണ് ഇതുവരെ മുന്നോട്ടു പോയത്. ഇനിയും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കായികാധ്യാപകർ.