കാണികളെ ചൊല്ലി തീരാതർക്കം...
Tuesday, January 17, 2023 1:47 AM IST
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യ x ശ്രീലങ്ക ക്രിക്കറ്റ് മത്സരം കാണാൻ ആരാധകർ എത്താത്തതിനെ ചൊല്ലിയുള്ള വാക്പോര് മുറുകുന്നു. പെരുമഴയത്തു പോലും മത്സരങ്ങൾ കാണാൻ ഗാലറി നിറഞ്ഞ് കാണികളെത്തുന്ന കാര്യവട്ടത്ത് ഇക്കുറി കാണികളെ സ്റ്റേഡിയത്തിലെത്തുന്നതിൽനിന്നു പിന്തിരിപ്പിച്ച പ്രധാന ഘടകം കായികമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ വിവാദ പരാമർശങ്ങളായിരുന്നു.
ഇതിനു മുന്പ് 2018 ൽ വിൻഡീസിനെതിരേ നടന്ന ഏകദിന മത്സരം കാണാൻ 40000 ത്തോളം ക്രിക്കറ്റ് ആരാധകരാണ് ഒഴുകിയെത്തിയത്. എന്നാൽ, ഇക്കുറി വിറ്റത് 6201 ടിക്കറ്റ് മാത്രം. ചരിത്രവിജയത്തോടെ ഇന്ത്യ പരന്പര സ്വന്തമാക്കിയ ആവേശം എതിരേൽക്കാൻ കാണികൾ എത്താത്തത് ദേശീയതലത്തിൽ വരെ ചർച്ചയായി. ഇനിയൊരു അന്താരാഷ്ട്ര മത്സരം കാര്യവട്ടത്ത് അനുവദിക്കുമോ എന്ന ചോദ്യം പോലും ഉയർന്നു.
ടിക്കറ്റിന്റെ വിനോദനികുതി കഴിഞ്ഞ മത്സരത്തിൽ വാങ്ങിയ അഞ്ചു ശതമാനത്തിൽനിന്ന് ഇക്കുറി 12 ശതമാനമായി ഉയർത്തിയതും ഇതേത്തുടർന്ന് കെസിഎ ടിക്കറ്റ് നിരക്ക് ഉയർത്തിതും ഇതിന്റെ ഭാഗമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞ “പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട” എന്ന പ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ വിവാദമാണ് മത്സരം അവസാനിച്ചിട്ടും തുടരുന്നത്.
38,000 സീറ്റുകളാണ് കാര്യവട്ടം സ്റ്റേഡിയത്തിലുള്ളത്. ഇതിൽ 13000ത്തോളം സീറ്റുകൾ സ്പോണ്സർമാർ ഉൾപ്പെടെയുള്ള കോംപ്ലിമെന്ററി പാസുകളാണ്. ബാക്കിയുള്ളവയാണ് വിൽപനയ്ക്കുവച്ചത്. വിറ്റുപോയത് 6201 ടിക്കറ്റ് മാത്രം. ഇതിനു മുന്പ് നടന്ന എല്ലാ മത്സരങ്ങളിലും മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി എന്നതും ശ്രദ്ധേയം.
കുറ്റം കെസിഎയ്ക്ക്
കെസിഎയ്ക്കെതിരെ ശക്തമായ ആരോപണവുമായി മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. കാണികൾ കുറഞ്ഞത് സംഘാടകരുടെ പിടിപ്പുകേടാണെന്നും കെസിഎ ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതാണ് അതിനു കാരണമെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
ടിക്കറ്റ് നിരക്കു വർധനയുമായി ബന്ധപ്പെട്ട് പ്രതികരിച്ചപ്പോൾ പാവപ്പെട്ടവർ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണ് പറഞ്ഞത്. ആ വാക്കുകൾ വളച്ചൊടിച്ച് പട്ടിണിക്കാർ കളി കാണണ്ട എന്നു പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ ന്യായീകരണം.