"കാമറൂണ്‍ ഗോളിൽ' സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം
Friday, November 25, 2022 12:37 AM IST
ദോഹ: ജന്മനാടിനെതിരേ ബ്രീൽ എംബോളൊയുടെ ബൂട്ടിൽനിന്നും ഉതിർന്ന ഗോളിൽ കാമറൂണിനെ 1-0നു തോൽപ്പിച്ചു ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. അൽ ജനോബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്.
ഗാലറിയിൽ ആരാധകരുടെ പിന്തുണയിൽ ആവേശംകൊണ്ട് കാമറൂണ്‍ പറന്നു കളിച്ചെങ്കിലും ബ്രയാൻ ബ്യുമോയും ബയേണ്‍ സൂപ്പർ സ്ട്രൈക്കർ എറിക് ചോപോ മോട്ടിംഗും ഉൾപ്പെടെയുള്ളവർ അവസരം തുലച്ചത് അവർക്കു വിനയായി. ഇപ്പുറത്ത് ഹെർദൻ ഷാഖീരിയും ബ്രീൽ എംബോളൊയും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ഗോൾ ഒഴിഞ്ഞുനിന്നു.
ആദ്യപകുതിയിൽ കാര്യമായ ആക്രമണം പുറത്തെടുക്കാൻ കഴിയാതെപോയ സ്വിറ്റ്സർലൻഡിനെയല്ല രണ്ടാം പകുതിയിൽ കണ്ടത്. തുടക്കത്തിൽത്തന്നെ സ്വിസ് ആക്രമണം ഫലം കാണുകയും ചെയ്തു. 48-ാം മിനിറ്റിൽ ആയിരുന്നു മത്സരത്തെ രണ്ടായി പകുത്ത ഗോൾ. ഹാഫ് ലൈനിൽനിന്ന് പന്ത് ലഭിച്ച വർഗാസ് അത് ക്യാപ്റ്റൻ സാക്കയ്ക്ക് നൽകി.
സാക്കായുടെ നീളൻ പാസ് റെമോ ഫ്രോയിലറിലേക്ക്, ഫ്രോയിലർ അത് വലത് വിംഗിലൂടെ മുന്നേറുന്ന ഷാഖീരിക്ക് നീട്ടി. ഷാഖീരിയുടെ അളന്നു മുറിച്ച പാസ് ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന എംബോളൊയിലേക്ക്. എംബോളൊയുടെ ക്ലിനിക്കൽ ഫിനിഷിംഗിൽ സ്വിസ് പട മുന്നിൽ. സമനിലയ്ക്കായി കാമറൂണ്‍ പൊരുതിയെങ്കിലും സ്വിസ് ഡിഫെൻഡർമാരും ഗോളി യാൻ സോമറും ആ ശ്രമങ്ങൾക്കു തടയിട്ടു.
ലീഡ് ഉയർത്താൻ സ്വിറ്റ്സർലൻഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാമറൂണിന്റെ ഇന്റർ മിലാൻ ഗോളി ആന്ദ്രേ ഒനാനയുടെ ഉജ്വല സേവുകൾ അവരെ അതിൽനിന്നു തടഞ്ഞു. ഇഞ്ചുറി ടൈമിൽ കിട്ടിയ സുവർണാവസരം ഹാരിസ് സഫറോവിച്ചു പാഴാക്കിയതും സ്വിസ് പടയ്ക്കു തിരിച്ചടിയായി.
ഷാഖീരി ദ മാസ്റ്റർ
യൂറോയിലും ലോകകപ്പിലുമായി നാല് ടൂർണമെന്റുകളിൽ സ്വിറ്റ്സർലൻഡ് സ്കോർ ചെയ്ത ഗോളിൽ പകുതിയിലും ഹെർദൻ ഷാഖീരിയുടെ പങ്കുണ്ടായിരുന്നു. 24 ഗോളാണ് നാല് മേജർ ടൂർണമെന്റുകളിലായി സ്വിറ്റ്സർലൻഡ് നേടിയത്. അതിൽ എട്ട് ഗോൾ ഷാഖീരി നേടി, നാല് എണ്ണത്തിന് അസിസ്റ്റ് ചെയ്തു. ഇന്നലെ കാമറൂണിനെതിരായ സ്വിസ് ജയം കുറിച്ച ഗോളിന് അസിസ്റ്റ് ചെയ്തതും ഷാഖീരി ആയിരുന്നു.
മാപ്പ്...
ഗാലറികൾ നിറഞ്ഞാടി, സന്തോഷം അലതല്ലിയെങ്കിലും ഗോൾ ആഘോഷമില്ലാതെ സ്വിറ്റ്സർലൻഡിന്റെ ബ്രീൽ എംബോളോ. ഫ്രഞ്ച് ലീഗ് ക്ലബ്ബായ മൊണാക്കോയുടെ സ്ട്രൈക്കറും ലോകകപ്പ് ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലൻഡ് താരമായ ഇരുപത്തഞ്ചുകാരൻ എംബോളോയാണ് തന്റെ മാതൃരാജ്യമായ കാമറൂണിനെതിരേ നേടിയ ഗോൾ ആഘോഷിക്കാതെ വ്യത്യസ്തനായത്.
1997 ഫെബ്രുവരി 14ന് കാമറൂണിലെ യൗണ്ടേയിൽ ജനിച്ച എബോളോയ്ക്ക് 2014 ഡിസംബറിലാണ് സ്വിസ് പൗരത്വം ലഭിച്ചത്. 2015 മുതൽ സ്വിസ് ജഴ്സിയിൽ താരം രാജ്യാന്തര വേദിയിൽ ഇറങ്ങാൻ തുടങ്ങി.
കാമറൂണ്‍ ദേശീയ താരങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നും മത്സരമില്ലാത്ത സമയങ്ങൾ അവർക്കൊപ്പം ചെലവിടാറുണ്ടെന്നും എംബോളോ പറഞ്ഞു. തനിക്കും കുടുംബത്തിനും മത്സരം വൈകാരികത നിറഞ്ഞ അനുഭവമായിരുന്നെന്നും താൻ ഒരു കാമറൂണ്‍ ഫാൻ ആണെന്നും എംബോളോ പറയുന്നു.
ഗോള്‍വഴി...
ബ്രീൽ എംബോളൊ (48’)
ക്യാപ്റ്റൻ ഗ്രാനിത് സാക്ക ഓടിക്കയറി പന്ത് വലതുപാർശ്വത്തിലുണ്ടായിരുന്ന ഷാഖീരിക്ക് മറിച്ചു. ഹെർദൻ ഷാഖീരിയുടെ ഞൊടിയിടയിലുള്ള പാസ് ബോക്സിനുള്ളിലേക്ക്. മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എംബോളോ ക്ലോസ് റേഞ്ചിൽ തൊടുത്ത ഷോട്ട് കാമറൂണ്‍ ഗോളി ഒനാനയെ കടന്ന് വലയിൽ. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സ്വിറ്റ്സർലൻഡിനായി എംബോളോ ഗോൾ നേടുന്നത്.