ജയം; ലങ്കയ്ക്ക് 60 പോയിന്റ്
Monday, August 19, 2019 12:16 AM IST
ഗാലെ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം. ഗാലെയിലെ റിക്കാർഡ് ചേസിംഗിലൂടെയാണ് ലങ്ക ജയം സ്വന്തമാക്കിയത്. ജയത്തോടെ ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ 60 പോയിന്റ് നേടാനും ലങ്കയ്ക്കു സാധിച്ചു. സ്കോർ: ന്യൂസിലൻഡ് 249, 285. ശ്രീലങ്ക 267, നാലിന് 268.
നാലാം ഇന്നിംഗ്സിൽ 100ന് മുകളിലുള്ള സ്കോർ ഗാലെയിൽ പിന്തുടർന്നു ജയിച്ച ചരിത്രം ലങ്കയ്ക്കില്ലായിരുന്നു. 2014ൽ പാക്കിസ്ഥാനെതിരേ 99 റണ്‍സ് പിന്തുടർന്നു ജയിച്ചതായിരുന്നു ഗാലെയിലെ ലങ്കൻ റിക്കാർഡ്. 122 റണ്‍സ് നേടിയ ക്യാപ്റ്റൻ ദിമുത് കരുണരത്നെയാണ് ലങ്കൻ ജയത്തിന് അടിത്തറപാകിയത്. കരുണരത്നെയാണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം ഇന്നിംഗ്സിൽ ഓപ്പണിംഗ് വിക്കറ്റിൽ കരുണരത്നെയും ലഹിരു തിരിമന്നെയും 161 റണ്‍സിന്റെ റിക്കാർഡും കുറിച്ചു. ശ്രീലങ്കയിൽ നാലാം ഇന്നിംഗ്സിൽ ഒരു ടീമിന്റെ ഓപ്പണർമാർ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.