ഇക്കാർഡിയില്ലാതെ അർജന്റീന
Thursday, May 23, 2019 12:11 AM IST
ബ്രസീലിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള അർജന്റീനയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസി, പൗളോ ഡൈബാല, സെർജിയോ അഗ്വെയ്റോ തുടങ്ങിയവർ ടീമിൽ ഇടംപിടിച്ചപ്പോൾ ഇന്റർമിലാന്റെ മൗറോ ഇക്കാർഡി പുറത്തായി. ഇത്തവണത്തെ ക്ലബ് പോരാട്ടത്തിൽ മോശം പ്രകടനമായിരുന്നതാണ് ഇക്കാർഡിക്കു തിരിച്ചടിയായത്.
പ്രതിരോധത്തിൽ ഗബ്രിയേൽ മെർക്കാഡോയ്ക്ക് പകരം മിൽട്ടണ്‍ കാസ്കോയെ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ സെർജിയോ റൊമേറോ, മാർക്കസ് റോജോ എന്നിവർക്കും ഇത്തവണ കോപ്പ അമേരിക്ക ടീമിൽ ഇടം പിടിക്കാനായില്ല. ഗ്രൂപ്പ് ബിയിൽ കൊളംബിയ, പരാഗ്വെ, ഖത്തർ എന്നിവയാണ് അർജന്റീനയ്ക്കൊപ്പമുള്ളത്. ജൂണ്‍ 15നാണ് കോപ്പ അമേരിക്കയുടെ കിക്കോഫ്.