യുഎസ് ഇന്റലിജൻസ് ഏജൻസി തലവനെ തെറിപ്പിച്ചു
Sunday, August 24, 2025 3:15 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നു റിപ്പോർട്ട് നല്കിയ യുഎസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) തലവൻ ലഫ്. ജനറൽ ജെഫ്രി ക്രൂസിനെ ട്രംപ് ഭരണകൂടം പുറത്താക്കി.
ജൂണിലെ ആക്രമണം വൻ വിജയമായിരുന്നുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഖണ്ഡിക്കുന്നതായിരുന്നു ഡിഐഎയുടെ പ്രാഥമിക അവലോകന റിപ്പോർട്ട്.
അമേരിക്കയുടെ വ്യോമാക്രണത്തിൽ ഇറാന്റെ ആണവപദ്ധതികൾ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഏതാനും മാസങ്ങൾക്കൊണ്ടു പരിഹരിക്കാവുന്ന നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ഡിഐഎയുടെ പ്രാഥമിക വിലയിരുത്തൽ.
ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ നടത്തിയ വ്യോമയുദ്ധം അമേരിക്കൻ ആക്രമണത്തോടെയാണ് അവസാനിച്ചത്.